മുഹമ്മദ് മുഹ്സിൻ
പട്ടാമ്പി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ മുന്നിലെത്തിയ എൽ.ഡി.എഫിൽ പട്ടാമ്പിയുടെ നിയോഗം മുഹമ്മദ് മുഹ്സിന്. ഞായറാഴ്ച ഉച്ചക്ക് ശേഷം പട്ടാമ്പി റവന്യു ടവർ നിർമാണോദ്ഘാടനം കൂടി നടത്തി രണ്ടാം ടേമിലെ ഔദ്യോഗിക പരിപാടികൾക്ക് വിരാമമിട്ടാണ് പട്ടാമ്പിയുടെ എം.എൽ.എ മൂന്നാമൂഴം തേടുന്നത്.
ജനപ്രതിനിധിയെന്ന നിലയിൽ പത്തുവർഷത്തെ അനുഭവസമ്പത്തുമായി വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കാണ് സി.പി.ഐ യുവനേതാവ് കളത്തിലിറങ്ങുന്നത്. 2016ലാണ് ജെ.എൻ.യു വിദ്യാർത്ഥിയായിരുന്ന കാരക്കാട് പുത്തൻപീടിയക്കൽ അബൂബക്കർ ഹാജി-ജമീല ബീഗം ദമ്പതികളുടെ മകൻ മുഹമ്മദ് മുഹ്സിൻ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു പതിറ്റാണ്ടായി മണ്ഡലം നിറഞ്ഞുനിന്നിരുന്ന കോൺഗ്രസ് നേതാവ് സി.പി. മുഹമ്മദിനോടായിരുന്നു മത്സരം.
കന്നി മത്സരത്തിൽ 7404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചരിത്രവിജയം നേടി. ഭൂരിപക്ഷം 17974 വോട്ടുകളായി ഉയർത്തിക്കൊണ്ടാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിക്കെതിരെയായിരുന്നു വിജയം. 1500 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിലെത്തിച്ച മുഹമ്മദ് മുഹ്സിൻ ജവഹർലാൽ നെഹ്റു കൾചറൽ സൊസൈറ്റിയുടെ മികച്ച നിയമസഭ സാമാജികനുള്ള മഹാത്മാജി പുരസ്കാര നിറവിലാണ് 2026ൽ വീണ്ടും ജനങ്ങളിലേക്കിറങ്ങുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, എസ്.സി.ഇ.ആർ.ടി, സ്കോൾ കേരള സമിതി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എന്നിവയിലും വിവിധ നിയമസഭ സമിതികളിലും അംഗമായി പ്രാഗൽഭ്യം തെളിയിക്കാനും കഴിഞ്ഞു.ഉത്തർപ്രദേശ് സ്വദേശിനി ഡോ. ഷഫഖ് കാസിം ആണ് ഭാര്യ. നാല് വയസ്സുകാരൻ സായം മുഹസിൻ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.