നൂറുമേനി ആവേശത്തിൽ തരിശ് നിലത്ത് നടീൽ ഉത്സവം
ഒറ്റപ്പാലം: രണ്ടരപതിറ്റാണ്ടായി തരിശായി കിടക്കുന്ന തിരുണ്ടി പാടശേഖരത്തിൽ നൂറുമേനിയുടെ ആവേശവുമായി നടീൽ ഉത്സവം. അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് മലപ്പുറം വെസ്റ്റ് വാർഡിലുള്ള തിരുണ്ടി പാടശേഖരത്തിലെ 20 ഏക്കർ നിലത്താണ് രണ്ടാം വിളക്കുള്ള നടീൽ നടന്നത്. തരിശ് രഹിത വാർഡ് എന്ന ലക്ഷ്യവുമായി വാർഡ് അംഗം മുസ്തഫ തിരുണ്ടിക്കലിന്റെ നേതൃത്വത്തിലാണ് കൃഷിയൊരുക്കം നടക്കുന്നത്. 13 കർഷകരിൽനിന്ന് പാട്ടത്തിനെടുത്ത പാടശേഖരത്തിലാണ് നടീൽ നടത്തിയത്. 17 ഏക്കറിൽ തൂത സ്വദേശി അബ്ദുൽ വഹാബ് കൃഷിയിറക്കിയപ്പോൾ സ്വന്തം വയലുകളിൽ നെൽകൃഷി ചെയ്ത് പരിചയമുള്ള മുസ്തഫ തിരുണ്ടിക്കൽ മൂന്ന് ഏക്കറിലെ കൃഷികൂടി ഏറ്റെടുത്ത് നടത്താൻ സന്നദ്ധനായി. ഉല്ലാസ് നഗർ മുതൽ തിരുണ്ടി തോട് വരെയുള്ള പാടശേഖരത്താണ് പരീക്ഷണ കൃഷിയിറക്കിയത്.
നൂറുമേനി വിളഞ്ഞിരുന്ന പ്രദേശത്തെ പാടശേഖരങ്ങൾ കാൽ നൂറ്റാണ്ടായി തരിശിന്റെ വഴിയിലാണ്. പൂർണമായും തരിശായി കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. തൊഴിലാളി ക്ഷാമവും അമിത കൃഷിച്ചെലവും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കൃഷിയിൽനിന്നും കർഷകരെ അകറ്റി. നിലമുഴുതാൻ ട്രാക്ടറും വിളവെടുപ്പുവിന് കൊയ്ത്ത് യന്ത്രവും പാടത്തേക്ക് എത്തിക്കണമെങ്കിൽ സ്വകാര്യ വ്യക്തികൾ കനിവ് കാട്ടണം. അവരുടെ സ്ഥലങ്ങളിൽ കൂടിവേണം വാഹനങ്ങൾ പാടത്തെത്തിക്കാൻ എന്നത് തന്നെ കാരണം. പൂളക്കുണ്ട് കാരിവീട്ടിൽ ദാസൻ പാടശേഖരത്തേക്ക് വാഹനമെത്തിക്കാൻ വഴിവിട്ടു നൽകിയതാണ് ഇപ്പോൾ കൃഷിയിറക്കാൻ സഹായമായത്. കൃഷി ഭവനിൽനിന്ന് ലഭിച്ച പൊന്മണി വിത്താണ് കൃഷിയിറക്കിയിരിക്കുന്നത്. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ നടീൽ ഉദ്‌ഘാടനം ചെയ്തു. തിരുണ്ടി പാടശേഖര സമിതി കൺവീനർ എം. പ്രീതി, മേലൂർ പാടശേഖര സമിതി കൺവീനർ എൻ. ശ്രീധരൻ, എ.കെ. ഉമ്മർ, സി.ടി. ഹംസ, ടി.വി. അബ്ബാസ്, തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.