മിന്നൽ; മങ്കരയിൽ വ്യാപകനാശം

പത്തിരിപ്പാല: ഇടിമിന്നലിൽ മങ്കര മാങ്കുറുശി മേഖലയിൽ വ്യാപക നാശം. ഒരു വീട് ഭാഗികമായി തകർന്നു . സമീപത്തെ വീടുകളിലെ ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി നശിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് മിന്നലുണ്ടായത്. മങ്കര മാങ്കുറുശി തരുവക്കോട് ആമിനയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിലുണ്ടായിരുന്ന അൻഫർ, ഭാര്യ റൈഹാന, മകൻ ആദം ഐശൽ എന്നിവർ തലനാരിഴക്ക് രക്ഷപ്പെട്ടു. ആറ് വയസുകാരനായ ആദംഐശൽ നിലത്ത് വീണു. പിതാവ് അൻഫറിന് കൈക്ക് ഷോക്കേറ്റു.

വീടിന്റെ ഭിത്തി, സിറ്റൗട്ട്, ഹാൾ, കിടപ്പുമുറി എന്നിവിടങ്ങളിലും വലിയ ഗർത്തം രൂപപ്പെട്ടു. കിടപ്പ് മുറിയിലെ മുകൾ ഭാഗത്താണ് ഒരു മീറ്റർ നീളത്തിലും അര മീറ്റർ വീതിയിലുമുള്ള ഗർത്തം. എ.സി, ഫ്രിഡ്ജ്, ടി.വി തുടങ്ങിയവ നശിച്ചു. വയറിങ് പൂർണമായും തകർന്നു. മോട്ടോറും മുറിയിലെ ജനൽ ഗ്ലാസും തകർന്നു. കിടപ്പുമുറിയിൽ കോൺക്രീറ്റ് ചീളുകൾ തെറിച്ചു. എട്ടംഗ കുടുംബമാണ് ഇവിടെ താമസം. അഞ്ച് പേർ പുറത്ത് പോയിരുന്നു. സമീപത്തെ ഹനീഫ, നസീർ, അബ്ബാസ്, സുലൈമാൻ, ഷജീർ, എന്നിവരുടെ വീടുകളിലെ ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ് കെ.എ. വിനീത, വൈസ് പ്രസിഡൻ്റ് കെ.ആർ. ഷാജീവ്, വാർഡംഗം ഉമാദേവി, പഞ്ചായത്തംഗം ആസ്യ ഹമീദ്, എ.ഇ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.

Tags:    
News Summary - Widespread lightning damage in Mankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.