കൊടുവായൂർ ശ്രീറാം റൈസ് മില്ലിൽ കണ്ടെടുത്ത

തമിഴ്നാട് റേഷനരി പരിശോധിക്കുന്ന സിവിൽ സപ്ലൈസ്

ഉദ്യോഗസ്ഥർ

അതിർത്തി പ്രദേശങ്ങളിൽ അരിക്കടത്ത് സംഘങ്ങൾ സജീവം

കൊടുവായൂർ: തമിഴ്നാട്ടിൽ സൗജന്യമായി ലഭിക്കുന്ന റേഷനരി കേരളത്തിലേക്ക് കടത്തി വൻതോതിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവം. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ വാടകവീടുകളിൽ ശേഖരിക്കുന്ന അരി, കേരളത്തിലെത്തിച്ച് റൈസ് മില്ലുകളിൽ രാസവസ്തുക്കളും തവിടും ചേർത്ത് പോളിഷ് ചെയ്ത് പുതിയ ബ്രാൻഡുകളിലായി കിലോക്ക് 47 മുതൽ 51 രൂപ വരെ ഈടാക്കി വിപണിയിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.

റോഡുമാർഗമുള്ള ഊടുവഴികൾക്ക് പുറമെ, പൊള്ളാച്ചി-പാലക്കാട്, പോത്തനൂർ-പാലക്കാട് ട്രെയിനുകളിൽ അരി വ്യാപകമായി കടത്തുന്നുണ്ട്. തട്ടിപ്പുകാർ മുമ്പ് സ്ത്രീകളെയാണ് അരിക്കടത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുരുഷന്മാരെയാണ് ഉപയോഗപ്പെടുത്തുന്നത്.

തമിഴ്നാട്ടിൽ സിവിൽ സപ്ലൈസ് കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പോലീസ് സംഘമുണ്ടെങ്കിലും കേരളത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് മാത്രമാണ് ഇതിനുള്ളത്. ഉദ്യോഗസ്ഥരുടെ കുറവും വാഹനസൗകര്യമില്ലായ്മയും കടത്തുകാർക്ക് തുണയാകുന്നു. ഗോവിന്ദാപുരം, മീനാക്ഷിപുരം, ഗോപാലപുരം, നടുപുണി, വേലന്താവളം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ റേഷനരി കടത്ത് തടയാൻ പ്രത്യേക പരിശോധന കേന്ദ്രങ്ങളും സിവിൽ സപ്ലൈസ്-പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

ഒമ്പത് ടൺ തമിഴ്നാട് റേഷനരി പിടികൂടി; മില്ലുടമക്കെതിരെ കേസെടുത്തു

കൊടുവായൂർ: മുതലമടയിലും കൊടുവായൂരിലും തമിഴ്നാട് റേഷനരി പിടികൂടിയതിൽ കേസെടുത്ത് അധികൃതർ. കൊടുവായൂർ നൊച്ചൂരിലുള്ള ശ്രീരാം റൈസ് മിൽ ഉടമ കൃഷ്ണദാസിനെതിരെയാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കേസെടുത്തത്. ശ്രീരാം റൈസ് മില്ലിൽനിന്ന് ഏഴ് ടൺ അരിയും മുതലമട ആടയാമ്പതിയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽനിന്നും കെട്ടിടത്തിൽനിന്നുമായി രണ്ട് ടൺ അരിയുമാണ് പിടികൂടിയത്. അരി കഞ്ചിക്കോട് ഗോഡൗണിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫിസർ എ.എസ്. ബീന, ആലത്തൂർ സപ്ലൈ ഓഫിസർ മോളി ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച തമിഴ്നാട് റേഷനരി പിടികൂടിയത്. ഗോവിന്ദാപുരം അതിർത്തിയിൽ നിന്ന് വരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊല്ലങ്കോട് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അരി കയറ്റിയതായി കണ്ടത്. തുടർന്ന് പൊലീസ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയ തോടെയാണ് ആടയാമ്പതിയിൽ പരിശോധന നടത്തി യത്.

ശ്രീരാം മില്ലിലേക്കുള്ള അരിക്കടത്തിന്റെ ഇടത്താവളമാണ് ആടയാമ്പതിയെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കൊടുവായൂരിൽ റെയ്ഡ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധന തുടരുമെന്ന് അവർ അറിയിച്ചു.

Tags:    
News Summary - Rice smuggling active in border regions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.