സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിയുടെ സമാപനദിവസം നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
യു.ഡി.എഫ് സർക്കാർ കേരള മോഡൽ തകർക്കുന്നു: എം.വി. ഗോവിന്ദൻ
പാലക്കാട്: ഇടതുമുന്നണി സർക്കാർ ലോകോത്തരമാക്കി ഉയർത്തിയ കേരള മോഡൽ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാല് മാസത്തെ പവർ കട്ടാണ് അതിന് ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിയുടെ സമാപനദിവസം സ്റ്റേഡിയത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.
ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി 31.39 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം നൽകിയിരുന്നു. എന്നാൽ, ആ പദ്ധതി യു.ഡി.എഫ് നിർത്തലാക്കി. രാപ്പകൽ അധ്വാനിക്കുന്ന വീട്ടമ്മമാർക്ക് കൂലി കൊടുക്കണം. യു.ഡി.എഫ് മന്ത്രിമാർക്ക് കേന്ദ്രസർക്കാറിനെ വിമർശിക്കാൻ ധൈര്യമില്ല.
സർവകലാശാലകളിലടക്കം വന്ദേമാതരം ആലപിച്ചതിന് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് മർദിച്ചു. വീണക്ക് എതിരായ ഇ.ഡി കേസ് പിണറായിയെ ലക്ഷ്യം വെച്ചാണ്. എല്ലാ തരത്തിലുള്ള കടന്നാക്രമണങ്ങളെയും നേരിടും. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തി സി.പി.എം തിരിച്ചുവരും. സംഘടനാരംഗത്ത് തിരുത്തലുകൾ വരുത്തും. ജനങ്ങളോട് താഴ്മയായി പെരുമാറും. പാർട്ടിയുടെ അകത്തും പുറത്തും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജില്ല സെക്രട്ടറി വി. ചെന്താമരാക്ഷൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ബി. രാജേഷ്, എൻ.എൻ. കൃഷ്ണദാസ്, കെ.എസ്. സലീഖ, സി.കെ. രാജേന്ദ്രൻ, കെ. ശാന്തകുമാരി, എ.കെ. ബാലൻ, സുബൈദ ഇസ്ഹാഖ് തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് പെയ്ത കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പൊതുസമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.