പാലക്കാട്: ഏകപാത്ര നാടകമായ ‘ഒറ്റ ഞാവൽമര’വുമായി നടി ബീന ആർ. ചന്ദ്രൻ മെൽബണിലേക്ക്. മെൽബണിലെ ബോക്സ്ഹിൽ ടൗൺഹാളിൽ പുരോഗമന സാംസ്കാരിക സംഘടനയായ സമത ആസ്ട്രേലിയ സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിൽ ജൂൺ ഏഴിന് വൈകീട്ട് അഞ്ചിനാണ് നാടകം അരങ്ങേറുക.
കഴിഞ്ഞ വർഷത്തെ മികച്ച ചലച്ചിത്ര നടക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ. ചന്ദ്രന്റെ 57ാം ഏകപാത്ര നാടകാവതരണ വേദിയും വിദേശത്തെ രണ്ടാം വേദിയുമാണിത്. മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ‘ഒറ്റ ഞാവൽമരം’ നാടകത്തിന്റെ രചന ശ്രീജ ആറങ്ങോട്ടുകര നിർവഹിച്ചത്. സി.എം. നാരായണനാണ് സംവിധാനം. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ’തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ. ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
ജൂൺ ഏഴിന് തന്നെ ജയപ്രകാശ് കുളൂര്‍ രചിച്ച കൂനൻ എന്ന ഏകപാത്രനാടകം നടൻ മഞ്ജുളനും വേദിയിലെത്തിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തിലധികം വേദികളിൽ അവതരിപ്പിച്ച് റെക്കോഡിട്ട ‘കൂനൻ’ ആദ്യമായാണ് ആസ്ട്രേലിയയിൽ അവതരിപ്പിക്കുന്നത്. എൻ. പ്രഭാകരൻ രചിച്ച നാടകം ‘പുലിജന്മം’ ഗിരീഷ് അവണൂരിന്റെ സംവിധാനത്തിൽ സമതയുടെ കലാകാരന്മാരും അരങ്ങിലെത്തിക്കും.
ശനിയാഴ്ച തിരുവരങ്ങ് എന്ന പേരിൽ നാടകാവതരണങ്ങളുടെ കളിയരങ്ങും കുട്ടികളുടേയും മുതിർന്നവരുടേയും ചിത്രപ്രദർശനവുമായി വരയരങ്ങും വിപഞ്ചിക ഗ്രന്ഥശാല മെൽബൺ ഒരുക്കുന്ന പുസ്തകപ്രദർശനവും കേരളീയ ഭക്ഷണവിഭവങ്ങളുടെ രുചിയരങ്ങുമടക്കം വിവിധ പരിപാടികളാണ് സമത ആസ്ട്രേലിയ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.