ഒറ്റപ്പാലം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം: നഗരപാതയിലെ പാർക്കിങ് പൂർണമായി നിരോധിക്കും

ഒറ്റപ്പാലം: ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരപാതയിലെ പാർക്കിങ് പൂർണമായി നിരോധിക്കും. വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് വിളിച്ചുകൂട്ടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്വകാര്യ വാഹനങ്ങൾക്ക് നഗരസഭ ബസ് സ്റ്റാൻഡിന് പിറകിൽ പാർക്ക് ചെയ്യാവുന്നതാണ്. എന്നാൽ, ഇവിടേക്ക് ആർ.എസ് റോഡ് മാർഗം വാഹനങ്ങളെത്തി വേണം പാർക്ക് ചെയ്യാൻ. മടക്കയാത്ര സുന്ദരയ്യർ റോഡ് മാർഗം ആയിരിക്കണം. മാസാന്ത്യത്തിലും ഉത്സവ വേളകളിലും മാത്രമാണ് പൊതുവായി നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്നാണ്‌ കമ്മിറ്റിയുടെ നിരീക്ഷണം. തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങളെ ഗതിമാറ്റി വിടുന്നതുൾപ്പെടെയുള്ള ഗതാഗത നിയന്ത്രണം സംബന്ധിച്ച ഉചിതമായ നടപടികൾ തത്സമയം കൈക്കൊള്ളാൻ പൊലീസിന് നിർദേശം നൽകി. നേരത്തേ നടപ്പാക്കിയിരുന്ന വൺവേ ട്രാഫിക് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തൽക്കാലം അംഗീകരിക്കേണ്ടതില്ലെന്ന നിർദേശമാണ് അംഗീകരിച്ചത്. നഗരത്തിൽ ട്രാഫിക് വാർഡന്മാരെ നിയോഗിക്കാനും തീരുമാനിച്ചു. രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ തിരിച്ചുവിടും. ട്രാഫിക് വാർഡന്മാരുടെ സേവനം ഇതിന് ഉപയോഗിക്കാനാണ് തീരുമാനം. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ മേയ് ആദ്യവാരത്തോടെ പൂർത്തിയാക്കാൻ ജല അതോറിറ്റി അധികൃതർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കേണ്ട അഴുക്ക് ചാൽ നവീകരണവും സ്ലാബുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാണ്. പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകുന്ന മുറക്ക് മാത്രമേ പി.ഡബ്ല‍്യൂ.ഡി വിഭാഗത്തിന് ജോലികൾ ആരംഭിക്കാനാകൂ. അതുകൊണ്ടുതന്നെ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, നഗരസഭ സെക്രട്ടറി, തഹസിൽദാർ എന്നിവരും പി.ഡബ്ല‍്യൂ.ഡി, പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.