നെന്മാറ: ഉൾനാടൻ പ്രദേശങ്ങളിൽ കിണർ കുഴിക്കൽ സജീവം നെന്മാറ: വേനലായതോടെ ഉൾനാടൻ പ്രദേശങ്ങളിൽ കിണർ കുഴിക്കൽ സജീവമായി. കുഴൽ കിണറുകൾ വ്യാപകമായതോടെ തുറന്ന നാടൻ കിണർ നിർമാണ രംഗത്ത് പരിചയ സമ്പന്നരായവർ പൊതുവേ കുറഞ്ഞുവരികയാണ്. അഞ്ച് അടി വ്യാസമുള്ള കിണറിന് ഒരു കോൽ ആഴം കുഴിക്കാൻ 1700 രൂപയാണ് നിരക്ക്. തുടർന്നു വരുന്ന ഓരോ കോലിനും 170 രൂപ എന്ന നിരക്കിലാണ് വർധനവ്. കുഴൽ കിണർ വെള്ളത്തിന് പ്രത്യേക മണവും, കറയും, രുചി വ്യത്യാസവും ഉള്ളതിനാൽ വീട്ടുവളപ്പുകളിൽ ചെറിയ നാടൻ കിണറുകൾ കുഴിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുന്നുണ്ടെന്ന് 37 വർഷമായി കിണർ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന അയിലൂർ സ്വദേശികളായ രാജേന്ദ്രനും രാധാകൃഷ്ണനും അലിയും പറയുന്നു. രാവിലെ ഏഴിന് പണിയാരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ പണി നിർത്തുന്നതാണ് ഇവരുടെ ശൈലി. വേനലിൽ ഓരോ വർഷവും പത്തും ഇരുപതും വരെ കിണറുകൾ കുഴിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ഇവർ കിണർ കുഴിക്കാൻ എത്തിയിട്ടുണ്ട്. താഴ്ചയും വലിപ്പവും അനുസരിച്ച് അഞ്ച് മുതൽ 12 ദിവസത്തിനകം ഒരു കിണർ നിർമാണം പൂർത്തിയാക്കും. കിണർ നിർമിക്കുന്നവരുടെ പിന്നാലെ റിങ് ഇറക്കുന്നവരും എത്തും. 1600 രൂപയാണ് അഞ്ച് അടി വ്യാസവും ഒരടി പൊക്കവുമുള്ള റിങ്ങുകളുടെ നിരക്ക്. കിണറ്റിൽ സ്ഥാപിച്ചു നൽകാൻ വേറെ കൂലിയും നൽകണം. കിണർ നിർമിക്കുന്നിടത്ത് തന്നെ ഇവർ റിങ്ങുകൾ നിർമിച്ച് നൽകുകയാണ് ചെയ്യുന്നത്. കുഴിച്ച് പാറയെത്തുമ്പോഴാണ് കിണർ നിർമാണത്തിൽ ചെലവേറുന്നത്. കംപ്രസ്സർ ഉപയോഗിച്ച് പാറ പൊട്ടിക്കാൻ ഒരു കുഴിക്ക് 400 രൂപയാണ് നിരക്ക്. ചെറിയ കിണറുകളിൽ എട്ട് മുതൽ 10 വരെ കുഴികൾ എടുക്കേണ്ടിവരും പൊട്ടിക്കുവാൻ. കിണർ കുഴിക്കാൻ സ്ഥാനനിർണയക്കാരും പ്രാദേശികമായി പ്രവർത്തിക്കുന്നുണ്ട്. സ്വർണ ചെയിൻ, വാച്ച്, മോതിരം, പുളിങ്കൊമ്പ് തുടങ്ങിയ പരമ്പരാഗത രീതിയിൽ കിണർ സ്ഥാനം നിർണയം കാണുന്നതിന് 1000 രൂപ മുതൽ 2000 രൂപവരെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.