കു​ലു​ക്ക​ല്ലൂ​രി​ൽ എ​ൽ.​ഡി.​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് മു​ഹ്‌​സി​നെ കൊ​ന്ന​പ്പൂ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

വികസനത്തുടർച്ചയും മാറ്റവും മാറ്റുരക്കുന്ന പട്ടാമ്പി

പട്ടാമ്പി: വികസനത്തുടർച്ചയും മാറ്റവും തമ്മിലാണ് പട്ടാമ്പിയിലെ മത്സരം. പത്തു വർഷം കൊണ്ട് 1500 കോടിയുടെ വികസനം നടത്തിയെന്ന അവകാശവാദവുമായി തുടർച്ചക്കായാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ വോട്ടർമാരിലേക്കെത്തുന്നത്. തകർന്നുകിടന്നിരുന്ന റോഡുകളും സുരക്ഷാഭീഷണിയുയർത്തിയിരുന്ന സ്‌കൂൾ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുടന്തിയിരുന്ന ആശുപത്രികളും നവീകരിച്ചത് ചൂണ്ടിക്കാണിച്ചാണ് സിറ്റിങ് എം.എൽ.എ കൂടിയായ സ്ഥാനാർഥി വോട്ടർമാരെ അഭിമുഖീകരിക്കുന്നത്.

പട്ടാമ്പി പാലത്തിന് സ്ഥലമേറ്റെടുത്ത് നിർമാണം ആരംഭിച്ചതും ഭാരതപ്പുഴയോരത്തും ഓർച്ചാഡിലും മനോഹരമായ പാർക്കുകൾ നിർമിച്ചതും ജനസേവനത്തിന്റെ പൊൻതൂവലുകളായി എൽ.ഡി.എഫ് പ്രവർത്തകർ എടുത്തുകാണിക്കുന്നു. 2016ലെ വിദ്യാർത്ഥി നേതാവിൽനിന്ന് 2026ലെത്തുമ്പോൾ രാഷ്‌ടീയ പ്രവർത്തനത്തിൽ നിന്നാർജ്ജിച്ച ഒട്ടേറെ അനുഭവങ്ങളുടെ കരുത്തുണ്ട് മുഹമ്മദ് മുഹ്സിന്. പാർട്ടിക്ക് അനഭിമതനായി പുറത്തുനിൽക്കേണ്ടിവന്നതും പാർട്ടി നേതൃത്വത്തിൽനിന്ന് പിന്തുണ ലഭിക്കാതിരുന്നതും സ്ഥാനാർത്ഥിത്വം തന്നെ അനിശ്ചിതത്വത്തിലാക്കിയപ്പോൾ ജനപ്രതിനിധി എന്ന നിലയിലെ മികവ് തന്നെയാണ് തുണയായത്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ കരുത്തിലാണ് യു.ഡി.എഫ് പടക്കിറങ്ങുന്നത്. പട്ടാമ്പി നഗരസഭ തിരിച്ചുപിടിച്ചും പതിറ്റാണ്ടുകളോളം സി.പി.എം കുത്തകയാക്കി വെച്ചിരുന്ന വിളയൂർ, മുതുതല പഞ്ചായത്തുകളുൾപ്പെടെ കൈപ്പിടിയിലൊതുക്കിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കളം നിറയുന്നത്. നഗരസഭാധ്യക്ഷൻ കൂടിയായ ടി.പി. ഷാജിയാണ് മത്സരിക്കുന്നത്. കോൺഗ്രസുമായി ഇടഞ്ഞ് ‘വി ഫോർ പട്ടാമ്പി’ എന്ന കൂട്ടായ്മയുണ്ടാക്കി എൽ.ഡി.എഫിനൊപ്പംനിന്ന് അഞ്ചു കൊല്ലം നഗരസഭ വൈസ് ചെയർമാൻ പദവിയും വഹിച്ച ശേഷമാണ് ഷാജിയുടെ ചുവടുമാറ്റം.

തെരഞ്ഞെടുപ്പ് പരാജയ ശേഷവും മണ്ഡലത്തിൽ കാരുണ്യ പ്രവർത്തനങ്ങളുമായി കഴിഞ്ഞുവന്ന റിയാസ് മുക്കോളിക്ക് അവസരം നൽകുമെന്നാണ് കരുതിയിരുന്നതെങ്കിലും മുൻ ധാരണപ്രകാരം ടി.പി. ഷാജിയെ തന്നെ അംഗീകരിക്കുകയായിരുന്നു കോൺഗ്രസ്. ഇതിൽ കോൺഗ്രസിനകത്തുനിന്ന് തന്നെ എതിർപ്പുയർന്നെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായതോടെ എല്ലാം സുല്ലായിട്ടുണ്ട്. സ്ഥാനാർഥിയാവാനല്ല താൻ പട്ടാമ്പിയിൽ തുടരുന്നതെന്ന് റിയാസ് മുക്കോളി തന്നെ പ്രസ്താവിച്ചതോടെ യു.ഡി.എഫിന്‌ ആശ്വാസമായി. ഇത്തവണ മണ്ഡലം മുസ്ലിം ലീഗിനാണെന്ന് ഉറപ്പിച്ച പോലെ ലീഗും വിട്ടുകൊടുക്കില്ലെന്ന കോൺഗ്രസ് നിലപാടും അണികളിലുണ്ടാക്കിയ അസ്വസ്ഥതയൊന്നും പ്രചാരണ പ്രവർത്തനങ്ങളിൽ ദൃശ്യമല്ല.

മതപണ്ഡിതരെയും പ്രമുഖരെയും കണ്ട് ആശീർവാദം വാങ്ങിയുള്ള യു.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയിൽ അണികൾക്കും പ്രതീക്ഷയേറെയാണ്. വികസനമുരടിപ്പാണ് മണ്ഡലത്തിലുള്ളതെന്ന് കുറ്റപ്പെടുത്തി നാടിന്റെ പുരോഗതിക്കായി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന അഭ്യർഥനയാണ് ടി.പി. ഷാജി നടത്തുന്നത്. ഇരു സ്ഥാനാർഥികൾക്കും ഓരോ അപരന്മാരും കളത്തിലുണ്ട്. എൻ.ഡി.എക്ക് വേണ്ടി പട്ടാമ്പി കോടതിയിലെ അഭിഭാഷകൻ പി. മനോജാണ് മത്സരരംഗത്തുള്ളത്. 2016ലും ഇദ്ദേഹം സ്ഥാനാർഥിയായിരുന്നു. എസ്.പി. അമീർ അലി (എസ്.ഡി.പി.ഐ), ഹാരിസ് ബാബു (സ്വത.) എന്നിവരും മത്സരം കൊഴുപ്പിക്കാനുണ്ട്.

Tags:    
News Summary - Fierce Contest Between LDF and UDF in Pattambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.