പാലക്കാട്: ജില്ലയിൽ തെരഞ്ഞെടുപ്പ് സാധനസാമഗ്രികളുടെ വിതരണ-സ്വീകരണത്തിന് ഏർപ്പെടുത്തിയ കേന്ദ്രങ്ങൾ 12ൽനിന്ന് മൂന്നായി ചുരുക്കിയത് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. നാല് മണ്ഡലങ്ങൾക്ക് ഒരു കേന്ദ്രം എന്ന നിലയിൽ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെ ആറ് താലൂക്കുകളിലായി കിടക്കുന്ന 12 മണ്ഡലങ്ങളിലെ 2531 ബൂത്തുകളിലേക്കുള്ള സാധനസാമഗ്രികളാണ് മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി വിതരണം ചെയ്യുക.
തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളുടെ വിതരണം പത്തിരിപ്പാല മൗണ്ട് സീന കോളജിലും കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളുടെ വിതരണം എൻ.എസ്.എസ് എൻജിനീയറിങ് കോളജിലും തരൂർ, ചിറ്റൂർ നെന്മാറ, ആലത്തൂർ മണ്ഡലങ്ങളുടെ വിതരണം വിക്ടോറിയ കോളജിലുമാണ് നടക്കുക. എട്ടിന് രാവിലെ ഇവിടങ്ങളിലെത്തി സാധനങ്ങൾ കൈപ്പറ്റി ഒമ്പതിന് രാത്രി ബാലറ്റ് പെട്ടികൾ തിരിച്ചേൽപ്പിക്കണം. ജില്ല അതിർത്തികളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത് പ്രയാസം സൃഷ്ടിക്കും.
അതത് നിയമസഭ മണ്ഡലങ്ങൾക്ക് അതത് കേന്ദ്രങ്ങളിലായിരുന്നു മുമ്പ് വിതരണ-സ്വീകരണ സൗകര്യം ഒരുക്കിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ കുറവും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുമാസത്തോളം ബാലറ്റ് പെട്ടികൾ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണ് കേന്ദ്രങ്ങളുടെ എണ്ണം ചുരുക്കിയതെന്ന് പറയപ്പെടുന്നു. വിതരണ കേന്ദ്രങ്ങളുടെ കുറവ് വനിത ഉദ്യോഗസ്ഥർക്കാണ് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുക.
പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഇത്തവണ തപാലിൽ പോസ്റ്റൽ വോട്ട് വരില്ല. ഫെസിലിറ്റേഷൻ സെൻററിൽ മാത്രയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക. ഇത് വോട്ട് ചെയ്യാനുള്ള താൽപര്യം കുറക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അന്യജില്ലകളിൽ വോട്ടവകാശവും പാലക്കാട്ട് പോളിങ് ഡ്യൂട്ടിയുമുള്ള പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച ഉദ്യോഗസ്ഥർക്ക് ഇവിടത്തെ ഫെസിലിറ്റേഷൻ സെൻററിൽ വോട്ട് ചെയ്യാമെങ്കിലും ജില്ലയിലുള്ളവർക്ക് അത് ബാധകമാക്കാത്തതും പിന്നോട്ടടിക്ക് കാരണമാകും. ഒന്നാം ഘട്ട പരിശീലനത്തിന് പങ്കെടുക്കാൻ കഴിയാത്തവർ പരിശീലനത്തിന് ജില്ല ആസ്ഥാനത്തെത്തണം എന്നതും പ്രയാസകരമാവുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.