അഴക് നിറച്ച് സ്വർണവർണങ്ങളുമായി വിപണികളിൽ പ്ലാസ്റ്റിക് പൂക്കൾ 

ഒറ്റപ്പാലം: വേനൽമഴയിൽ കൊന്നപ്പൂക്കൾക്ക് നേരിട്ട നാശം പ്ലാസ്റ്റിക് കൊന്നപ്പൂ വിപണികൾക്ക് അനുഗ്രഹമായി. ഓണത്തിന് തൃക്കാക്കരയപ്പന് പ്ലാസ്റ്റിക് പൂക്കൾ അണിയിക്കുന്ന അവസ്ഥയുണ്ടായപ്പോഴും വിഷുവിന് കണിയൊരുക്കാൻ ഒരു കുടന്ന സാക്ഷാൽ കൊന്നപ്പൂക്കൾ തന്നെ വേണമെന്ന ശാഠ്യമാണ് വേനൽമഴയിൽ കുതിർന്നില്ലാതാവുന്നത്. സ്വർണവർണങ്ങളുമായി പറമ്പുകളിലും നാട്ടിടവഴികളിലും പൂത്തുലയുന്ന കർണികാരം വിഷുക്കാലത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കണിവട്ടങ്ങളിൽ മുൻപന്തിയിലാണ് കൊന്നപ്പൂക്കൾക്ക് സ്ഥാനം. ഫെബ്രുവരി ആദ്യത്തോടെ പൂത്തുതുടങ്ങിയതിനാൽ പലയിടത്തും പൂക്കൾ കൊഴിഞ്ഞ നിലയിലാണ്. വൈകി പൂത്ത കൊന്നകളിലെ സമൃദ്ധമായ പൂക്കുലകളാണ് രണ്ട് നാളായി തുടരുന്ന വേനൽ മഴയിൽ നിലം പൊത്തിയത്. കോവിഡിനിടയിലും കൊന്നപ്പൂക്കൾ വിപണികളിൽ വിൽപനക്കെത്തുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ വർഷം കാത്തിരുന്ന പലർക്കും ഒടുവിൽ നെട്ടോട്ടമോടേണ്ട അവസ്ഥ നേരിട്ടു. ഇതൊക്കെയാണ് പ്ലാസ്റ്റിക് പൂക്കളോട് ആഭിമുഖ്യം കൂട്ടുന്നത്. ഇലകളും വിരിഞ്ഞതും വിരിയാത്തതുമായ പൂക്കളുമായി കുലകുലകളായി വിപണികൾ പ്രദർശിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്​ കൊന്നപ്പൂക്കൾക്ക് വേറിട്ടൊരു അഴകാണ്. ഒരു പൂക്കുലക്ക് 60 രൂപ മുതൽ വിലയുണ്ട്. ഇവ വാടുകയോ കൊഴിയുകയോ ചെയ്യുമെന്ന ഭീതി വേണ്ട. കണിയൊരുക്കലിന് ശേഷം വീട്ടിൽ അലങ്കാരമായി പ്രദർശിപ്പിക്കാനുമാകുമെന്ന പ്രത്യേകതയും ആവശ്യക്കാരുടെ വർധനക്ക് ഇടയാക്കുന്നു. എന്നാൽ, പരമ്പരാഗത രീതിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂക്കൾ കൊണ്ടുള്ള കണിയൊരുക്കലിനെ കലികാലം എന്നാണ് പഴമക്കാരുടെ വിലയിരുത്തൽ. ഇതൊക്കെ ജീവിതത്തിൽ ആദ്യം കാണുകയാണെന്ന് ഇക്കൂട്ടർ പറയുന്നു. pew_otp_ 2 ഒറ്റപ്പാലത്തെ വ്യാപാരസ്ഥാപനത്തിൽ വിൽപനക്ക് പ്രദർശിപ്പിച്ച പ്ലാസ്റ്റിക്​ കൊന്നപ്പൂക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.