സംസ്ഥാന പാത; അറ്റകുറ്റപണി ചുമതല കുമരംപുത്തൂര്‍ സെക്ഷന്​

സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണി ചുമതല ഒടുവിൽ കുമരംപുത്തൂര്‍ സെക്ഷന്​ മണ്ണാര്‍ക്കാട്: നിരത്ത് പരിപാലന വിഭാഗം പലതവണ ടെൻഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതായതോടെ അനിശ്ചിതത്വത്തിലായ സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികള്‍ ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് കുമരംപുത്തൂര്‍ സെക്ഷനെ തന്നെ ഏല്‍പിച്ചു. ഇതോടെ കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അവേശഷിക്കുന്ന അറ്റകുറ്റപ്പണികള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ. കുമരംപുത്തൂര്‍ മുതല്‍ അലനല്ലൂര്‍ വരെ പതിനൊന്നര കിലോമീറ്ററിന്‍റെ അറ്റകുറ്റപ്പണിക്ക്​ 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച ടെൻഡര്‍ ചെയ്തു. ഏപ്രില്‍ 16 ആണ് ടെൻഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 18ന് തുറക്കും. മാസങ്ങളായി കുണ്ടും കുഴികളുമായി കിടക്കുന്ന അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെ വാഹനയാത്ര ഏറെ അപകടഭീതി നിറഞ്ഞതാണ്, പ്രത്യേകിച്ച് ഇരുചക്ര യാത്രക്കാര്‍ക്ക്. ഒരു വര്‍ഷത്തിനിടെ രണ്ട് ജീവനാണ്​ ഈ ഭാഗത്തെ റോഡിൽ പൊലിഞ്ഞിട്ടുള്ളത്​. എന്നിട്ടും അറ്റകുറ്റപ്പണികള്‍ വൈകിയത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയില്‍ ഒരു ചെറിയ ഭാഗം മാത്രം ഡി.എൽ.പിയെ അടിസ്ഥാനമാക്കി നിരത്ത് പരിപാലനത്തിന് കൈമാറിയതാണ് കുഴപ്പമായത്. അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ദൂരത്തെ അറ്റകുറ്റപ്പണിക്കായി ഈ വര്‍ഷം നിരത്ത് പരിപാലന വിഭാഗം നാല് തവണയാണ് ടെൻഡര്‍ ക്ഷണിച്ചത്. കുമരംപുത്തൂര്‍ സെക്ഷന് കീഴില്‍ സംസ്ഥാന പാതയുൾപ്പെടെ 11 റോഡുകൾ ഉള്‍പ്പെടുന്ന ഗണത്തില്‍ ഒരു വര്‍ഷത്തെ നടത്തിപ്പു കരാറിലായിരുന്നു ടെൻഡര്‍ ക്ഷണിച്ചത്. മൂന്നേകാല്‍ കോടിയിലധികം രൂപയായിരുന്ന കരാര്‍ തുക. എന്നാല്‍, വലിയ നിക്ഷേപ തുക വേണ്ടിവരുമെന്നതിനാലും പ്രവൃത്തികളുമായി ബന്ധപ്പെട്ട ചില നിബന്ധനകളും വ്യവസ്ഥകളും കാരണം ആരും കരാറെടുക്കാൻ എത്തിയില്ല. ഇതോടെ നിരത്ത് പരിപാലന വിഭാഗം സമ്മര്‍ദത്തിലും നിസ്സഹായവസ്ഥയിലുമായി. റോഡിന്റെ ശോച്യാവസ്ഥയും നിലനില്‍ക്കുന്ന പ്രതിഷേധവുമെല്ലാം കണക്കിലെടുത്താണ് അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ കുമരംപുത്തൂര്‍ സെക്ഷനെ തന്നെ ഏല്‍പിച്ചിരിക്കുന്നതെന്നാണ് സൂചന. സംസ്ഥാനപാതയില്‍ 16 കിലോ മീറ്റര്‍ ദൂരത്തില്‍ മഴക്കാലം കഴിഞ്ഞതിന് ശേഷം കുമരംപുത്തൂര്‍ സെക്ഷന്‍ ഉപരിതലം പുതുക്കല്‍, അറ്റകുറ്റപ്പണികള്‍, കലുങ്കുകള്‍, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങി 60 ലക്ഷത്തോളം രൂപയുടെ പ്രവർത്തികൾ നടത്തിയിട്ടുണ്ട്​. കരാറുകാരനായാല്‍ പ്രവൃത്തി വേഗത്തില്‍ ആരംഭിച്ച് ഒരു മാസത്തിനകം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, വേനല്‍മഴ ഒഴിയാതെ നില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ കാലതാമസമില്ലാതെ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് കുമരംപുത്തൂര്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.