ഇ.പി: വള്ളുവനാടിൻെറ തീപ്പന്തം blurb വിതച്ചത് വിപ്ലവക്കൊടുങ്കാറ്റ് പട്ടാമ്പി: അടിച്ചമർത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതിഷേധാഗ്നി ജ്വലിപ്പിച്ച് വള്ളുവനാടിൻെറ ആത്മാഭിമാനമുയർത്തിയ കർമധീരനാണ് കൊപ്പം മണ്ണേങ്ങോട് എറശ്ശേരി പുത്തൻവീട്ടിൽ ഇ.പി. ഗോപാലൻ. 1912ൽ മണ്ണേങ്ങോട് കുഞ്ഞി അമ്മയുടെയും മുല്ലപ്പള്ളി പുത്തൻവീട്ടിൽ ചാത്തുനായരുടെയും മകനായി 1912 ആഗസ്റ്റ് 26ന് ജനിച്ച ഇ.പിയുടെ ജീവിതം നാടിൻെറ പോരാട്ടചരിത്രമാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തിനും അവർക്കൊപ്പം പന്തിഭോജനം നടത്തി അയിത്തോച്ചാടനത്തിനും ആഹ്വാനം ചെയ്ത ഇ.പി, പെരിന്തൽമണ്ണയിൽ ഫിഫ്ത് ഫോറത്തിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമര ചൂളയിലേക്ക് എടുത്തുചാടിയത്. സഹപാഠിയായ ഇ.എം.എസും അധ്യാപകൻ എം.പി. ഗോവിന്ദമേനോനും ഇ.പിയുടെ മനസ്സിൽ വിപ്ലവക്കൊടുങ്കാറ്റ് വിതച്ചു. 1930ൽ കോഴിക്കോട് കല്ലായി കള്ളുഷാപ്പ് പിക്കറ്റ് ചെയ്ത് 18ാം വയസ്സിൽ ആദ്യ ജയിൽവാസം. നാലുമാസത്തെ തടവിന് ശേഷം 1932ൽ വള്ളുവനാട് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ഒമ്പതു മാസംകൂടി തടവിലക്കപ്പെട്ടു. ചെർപ്പുളശ്ശേരിയിൽ പൊതുയോഗത്തിൽ പ്രസംഗിച്ചതിന് 21 മാസമായിരുന്നു ശിക്ഷ. മലബാറിലെ കോൺഗ്രസ് നേതൃത്വം ഇടതുപക്ഷത്തിൻെറ കൈയിൽ എത്തിയപ്പോൾ വർഗാടിസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനം ശക്തിപ്പെട്ടു. ഇടത്തരം കർഷക കുടുംബാംഗമായ ഇ.പി. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും കർഷക പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പ്രാധാന്യം കൊടുത്തു. പി.വി. കുഞ്ഞുണ്ണി നായരും കൊങ്ങശ്ശേരി കൃഷ്ണനും എ.കെ. രാമൻകുട്ടിയും കൂടെയുണ്ടായിരുന്നു. ഇവർ നാലുപേരും 1957ൽ നിയമസഭ അംഗങ്ങളായി. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സമ്മേളനം 1939ൽ പിണറായി പാറപ്പുറത്ത് നടന്നപ്പോൾ പാലക്കാട്ടുനിന്ന് ഈ നാല് പേരാണ് പങ്കെടുത്തത്. കോഴിക്കോട്, കണ്ണൂർ, ബല്ലാരി, രാജമുന്ദ്രി, സേലം തുടങ്ങിയ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1947 ആഗസ്റ്റ് 14നാണ് ഇ.പിയെ തടവറയിൽനിന്ന് മോചിപ്പിച്ചത്. 1957ൽ പട്ടാമ്പി, 1960ൽ പെരിന്തൽമണ്ണ, 1977ൽ പട്ടാമ്പി എന്നിങ്ങനെ മൂന്ന് തവണ നിയമസഭാംഗമായി. 1957ലെ കേരള കാർഷിക ബന്ധനിയമത്തിൻെറ അണിയറ ശിൽപികളിൽ പ്രമുഖനായിരുന്നു. 1954ൽ മലബാർ ജില്ല ബോർഡ് അംഗമായിരുന്നപ്പോഴാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ പല സ്കൂളുകളും സ്ഥാപിച്ചത്. 2001 നവംബർ ഒന്നിന് മരിക്കുന്നതുവരെ സാധാരണക്കാരുടെ ശബ്ദമായി. Photo from library
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.