ശാപമോക്ഷം കാത്ത്​ പ്രളയത്തിൽ തകർന്ന പാലം

കൊല്ലങ്കോട്: പ്രളയത്തിൽ തകർന്ന പട്ടർപള്ളം പാലം പുനർനിർമിക്കാത്തതിനാൽ വിദ്യാർഥികൾക്ക്​ ദുരിതയാത്ര. ചുള്ളിയാർ, മീങ്കര പുഴകൾ സംഗമിച്ച് ഗായത്രി പുഴയായി ഒഴുകുന്ന പ്രദേശത്ത് മുതലമട സർക്കാർ ഹൈസ്കൂളിന്​ സമീപത്തെ പുഴക്കടവിൽ നിർമിച്ച നടപ്പാലം 2018ൽ പ്രളയത്തിലാണ് പൂർണമായും തകർന്നത്. ജില്ല പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലം തകർന്നതോടെ മലങ്കുളമ്പ്, പള്ളം, തിരിഞ്ഞികുളമ്പ്, പട്ടർപള്ളം തുടങ്ങിയ പ്രദേശവാസികളാണ്​ ദുരിതത്തിലായത്​. റോഡിലൂടെ നാലു കിലോമീറ്റർ കറങ്ങി വരേണ്ടതിനാൽ തകർന്ന പാലത്തിലെ പുഴയിൽ ഇറങ്ങിയാണ് 200ഓളം വിദ്യാർഥികൾ മുതലമട സർക്കാർ ഹൈസ്കൂളിലെത്തുന്നത്. പഞ്ചായത്തിൽ നിരവധി തവണ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും പട്ടർപള്ളം പാലം പുനർനിർമാണം യാഥാർഥ്യമായില്ല. മഴക്കാലമായാൽ കരകളെ ബന്ധിപ്പിച്ച്​ കയറുകെട്ടി വേണം പുഴയിലൂടെ മറുകര കടക്കാൻ. മുതലമട ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ പാലം പുനർനിർമാണത്തിന് വകയിരുത്തിയെങ്കിലും ഇതിലെ തൂണുകളിൽ വിള്ളൽ കണ്ടെത്തിയതോടെ അനുവദിച്ച തുകയിൽ പാലം പുനർനിർമാണം നടത്താനാവില്ലെന്ന്​ നിർദേശം ലഭിക്കുകയായിരുന്നു. മഴക്കാലത്ത്​ കയറുകെട്ടി വിദ്യാർഥികൾ പുഴ കടക്കുന്നത് ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ പാലം അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Pew - KIgd 2018 പ്രളയത്തിൽ തകർന്ന പട്ടർപള്ളം പാലം. പുഴയിലെ നീരൊഴുക്കുള്ള സമയത്ത് വിദ്യാർഥികൾ കയറിൽ പിടിച്ച് കടക്കുന്നു (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.