കാമ്പസുകളിലെ അരാഷ്ട്രീയതയെ രാഷ്ട്രീയം കൊണ്ട് തടയും- എസ്.എഫ്.ഐ

'വിഷലിപ്ത ആശയങ്ങളെ പ്രതിരോധിക്കും' പെരിന്തൽമണ്ണ: കാമ്പസുകളുടെ അരാഷ്ട്രീയവത്കരണത്തെ തടയുമെന്നും വിഷലിപ്ത ആശയങ്ങളെ പ്രതിരോധിക്കുമെന്നും പുതുതായി ചുമതലയേറ്റ എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. അരാഷ്ട്രീയതയെ രാഷ്ട്രീയം കൊണ്ട്​ നേരിടുമെന്നും വിദ്യാർഥിനികൾ സംഘടനരംഗത്തേക്ക് വരുന്നതിൽ എസ്.എഫ്.ഐ വലിയ പങ്ക്​ വഹിച്ചതായും സംസ്ഥാന പ്രസിഡൻറ് കെ. അനുശ്രീ പറഞ്ഞു. ഉത്തരവാദിത്തമേറ്റെടുക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ​​. ഏരിയതലം മുതൽ സ്കൂൾ യൂനിറ്റ് തലം വരെ വിദ്യാർഥിനികൾക്ക്​ സബ് കമ്മിറ്റികളുണ്ട്. ഭരണകൂടത്തിന്‍റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാൻ വിദ്യാർഥി സമൂഹത്തെ തയാറാക്കുമെന്നും അനുശ്രീ പറഞ്ഞു. സ്കൂൾ തലങ്ങളിൽ സംഘടന ശക്തിപ്പെടുത്തും. ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കാര്യങ്ങളിൽ നടത്തുന്ന സമരങ്ങൾക്ക് തുടർച്ചയുണ്ടാക്കുമെന്നും മുഴുവൻ വിദ്യാർഥികളെയും ഇതിന്‍റെ ഭാഗമാക്കുമെന്നും സെക്രട്ടറി വി.എം. ആർഷോ പറഞ്ഞു. ആലപ്പുഴ ചാരുംമൂട്ടിൽ ആർ.എസ്.എസ് പ്രവർത്തകരും മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരും കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ വൈകാരിക ഓർമയിലാണ് സമ്മേളനം ചേർന്നത്. വർഗീയ ഫാഷിസ്റ്റ് സംഘടനകളുടെ ആശയങ്ങൾക്ക് കാമ്പസുകളിൽ ഇടംനൽകാതെ പ്രതിരോധിക്കുമെന്നും ആർഷോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.