അട്ടപ്പാടിയിൽ റീസർവേ നടപടികൾ അവതാളത്തിൽ; ഭൂനികുതി ഒടുക്കുവാൻ വില്ലേജ് ഓഫിസ് തന്നെ ശരണം

അഗളി: അട്ടപ്പാടിയിൽ ഭൂമിയുടെ റീസർവേ നടപടികൾ എങ്ങുമെത്തിയില്ല. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ഓൺലൈനായി ഭൂനികുതിയും മറ്റ് നികുതികളും ഒടുക്കാമെന്നിരിക്കെ അട്ടപ്പാടിയിലെ കള്ളമല ഒഴികെയുള്ള അഞ്ച് വില്ലേജുകളിലും ഇത് സാധ്യമായിട്ടില്ല. റവന്യൂ വകുപ്പിന്‍റെ രേഖകളിൽ ഇപ്പോഴും ഭൂമി പഴയ ജന്മികളുടെ പേരിലാണുള്ളത്. ഇത് നിലവിലെ ഭൂവുടമകളുടെ പേരിലേക്ക് മാറണമെങ്കിൽ റീസർവേ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഒട്ടേറെ പ്രദേശങ്ങളിൽ റീസർവേ നടപടികൾ പൂർത്തീകരിച്ചെങ്കിലും അട്ടപ്പാടിയിൽ ഇതിന് തുടക്കമായിട്ട് പോലുമില്ല. റവന്യൂ വകുപ്പ് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് മണ്ണാർക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ റീസർവേ നടപടികൾ പൂർത്തിയാക്കുന്നത്. വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും ആദിവാസി ഭൂമിപ്രശ്നവും നിലനിൽക്കുന്ന മേഖലയാണ് അട്ടപ്പാടി. ഇവിടെ സർവേ നടപടികൾക്ക് തുടക്കമിടാൻ പോലും ശ്രമിക്കാതെ വകുപ്പ് അലംഭാവം തുടരുകയാണെന്ന്​​ നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.