പാച്ചോൾ സതീശൻ തന്റെ കോഴിവളർത്തു കേന്ദ്രത്തിൽ

തെരുവുനായ് ആക്രമണം; അരയാക്കൂലിൽ നൂറോളം നാടൻകോഴികൾ ചത്തു

പാനൂർ: പാനൂരിനടുത്ത അരയാക്കൂലിൽ കോഴിവളർത്തൽ കേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നൂറോളം നാടൻ കോഴികൾ ചത്തൊടുങ്ങി. അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിലാണ് ആക്രമണം. സംഭവത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് അകത്ത് കടന്നത്. കൂട്ടമായി എത്തിയ നായ്ക്കൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഴികളെ ആക്രമിച്ച് കൊന്നൊടുക്കുകയായിരുന്നു. രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്. നിരവധി കോഴികളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നു.

സതീശന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് നാടൻ കോഴി വളർത്തൽ. പ്രതിദിനം ഏകദേശം 70 മുട്ടകൾ ലഭിച്ചിരുന്നതായും ആക്രമണത്തെ തുടർന്ന് വരുംദിവസങ്ങളിലെ വരുമാനവും പൂർണമായും നിലച്ച സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴികളുടെ വില മാത്രമല്ല, ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന മുട്ട ഉൽപാദനത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ മികച്ച ജൈവകർഷകൻ കൂടിയാണ് സതീശൻ. സംഭവമറിഞ്ഞ് വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

അരയാക്കൂൽ മേഖലയിൽ തെരുവുനായ് ശല്യം ഏറക്കാലമായി രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും നേരെ നിരന്തരം ആക്രമണം നടത്തുന്നു. തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ലീല ടീച്ചർ, നസീർ ഇടവലത്ത്, അംഗങ്ങളായ ടി.പി. ഉമ്മർ, പി.എം. ലീന എന്നിവർ സന്ദർശിച്ചു.

Tags:    
News Summary - Stray dog ​​attack; Around 100 chickens die in Arayakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.