തേജനന്ദ, കെ. ജിതിൻ, ഹസീബ, ഷിയാദ്, കെ. അക്ഷിത, നജ്മ സലീം, റംഷീന ഷഫീഖ്, ഫാത്തിമ രഹന, മുഹമ്മദ് സഫ്വാൻ, നിതിൻ കൂറ്റൂർ
ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ‘യുവജനോത്സവം’തന്നെയാണ്! മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സ്ഥാനാർഥി പട്ടികയിൽ യുവജന പ്രാതിനിധ്യം ഗണ്യമായി വർധിച്ചിരിക്കുന്നു. മുസ്ലിം ലീഗും സി.പി.എമ്മും ഇക്കുറി യുവജനങ്ങളെ കൂടുതലായി പോരിനിറക്കി. യുവതികൾക്കൊപ്പം യുവാക്കളുടെയും ഊർജ്ജസ്വലത ഈ തിരഞ്ഞെടുപ്പിന്റെ തന്നെ മുഖമുദ്രയാവുകയാണ്. ചുറുചുറുക്കുള്ള യുവ സ്ഥാനാർഥികൾ വന്നതോടെ പലയിടത്തും പോരും കനത്തു.
ന്യൂജൻ വോട്ടർമാരെ സ്വാധീനിക്കാൻ അവരിൽ പെട്ടവരെ സ്ഥാനാർഥികളാക്കുന്നത് ഉപകരിക്കുമെന്ന കണക്കുക്കൂട്ടിലിലാണ് പാർട്ടികൾ. പുതുഭാവനകളും പുതുപ്രചാരണ രീതികളുമെല്ലാമായി യുവ സ്ഥാനാർഥികൾ അങ്കത്തട്ടിൽ സജീവമാണ്. ചിലരുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ കന്നി വോട്ട് തന്നെ സ്ഥാനാർഥി കുപ്പായത്തിലാണെന്ന കൗതകവുമുണ്ട്. ചിലർക്ക് ഒരുവശത്ത് അക്കാദമിക് പരീക്ഷകളും മറുവശത്ത് ജനാധിപത്യത്തിന്റെ പരീക്ഷയും. ജില്ലയിലെ ചില ‘ന്യൂജൻ’സ്ഥനാർഥികളെ പരിചയപ്പെടാം.
ജില്ല പഞ്ചായത്തിലേക്ക് ഒട്ടേറെ യുവജനങ്ങളെയാണ് ഇക്കുറി എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രായം കുറഞ്ഞ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് തിരുന്നാവായ ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന എം.ജെ. തേജനന്ദ. 22 വയസ്സാണ് പ്രായം. എസ്.എഫ്.ഐ തവനൂർ ഏരിയ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, സി.പി.എം പൂഴിക്കുന്ന് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന തേജനന്ദ പൊന്നാനി എം.ഇ.എസ് കോളജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ ശേഷം മലയാളം സർവകാലശാലയിൽനിന്ന് പൈതൃക പഠനത്തിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി ഇറങ്ങിയതേയുള്ളൂ. ആലത്തിയൂർ ഹനുമാൻകാവ് ചേരോട്ടുപറമ്പിൽ മനോജിന്റെയും ജിജിയുടെയും മകളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നി വോട്ടറായ തനിക്ക് മത്സരിക്കാൻ പാർട്ടി തന്ന അവസരത്തിൽ അതിയായ ആഹ്ലാദമുണ്ടെന്ന് തേജനന്ദ പറഞ്ഞു.
ജില്ല പഞ്ചായത്ത് എടവണ്ണ ഡിവിഷനിലെ സി.പി.എം സ്ഥാനാർഥി സി.എം. മുഹമ്മദ് സഫ്വാനും പാർട്ടിയിലെ ഇളമുറക്കാരനാണ്-പ്രായം 24. എസ്.എഫ്.ഐ വണ്ടൂർ ഏരിയ പ്രസിഡന്റ്, സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ച സഫ്വാൻ പാർട്ടി ബ്രാഞ്ച് അംഗവുമാണ്. മമ്പാട് എം.ഇ.എസ് കോളജിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. വണ്ടൂർ പോരരൂർ കോട്ടകുന്നതിൽ ചോലാമടത്തിൽ മുഹമ്മദ് ഷുക്കൂറിന്റെയും ഹഫ്സത്തിന്റെയും മകനാണ്.
മഞ്ചേരി നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ആണ് കെ. ജിതിൻ. 25 വയസ്സ് ആണ് പ്രായം. 49ാം വാർഡായ വീമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ബി.എസ്.സി മാത്ത്സ് ബിരുദം പൂർത്തിയാക്കി. മഞ്ചേരിയിലെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്ററിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥിയാണ്. സെന്ററിലെ മുൻ യൂനിയൻ ചെയർമാൻ കൂടിയാണ് ജിതിൻ. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ട്രെയിനിങ്ങിനിടെയാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം ലഭിച്ചത്. യൂത്ത് സ്ഥാനാർഥി എന്ന നിലയിൽ യുവാക്കളുടെ പിന്തുണയാണ് പ്രതീക്ഷ. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും പുതിയ കാഴ്ചപ്പാടുകളും അവതരിപ്പിച്ച് വാർഡിൽ നിന്നും വിജയിച്ച് കയറാനാകുമെന്നാണ് ജിതിന്റെ പ്രതീക്ഷ.
തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 37 നിന്ന് ജനവിധി തേടുന്ന ഷിയാദും വിദ്യാർഥിയാണ്. കരിപറമ്പ് ചീനിക്കൽ ഹസ്സൻ അലി- ജമീല ദമ്പതികളുടെ മകനായ ഷിയാദ് എന്ന 24 കാരനാണ് നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി. ഡൽഹി യൂനിവേഴ്സിറ്റി ഹിന്ദു കോളേജിൽ നിന്നും ബി.എ ഹിസ്റ്ററിയും ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ ഹിസ്റ്ററിയും കഴിഞ്ഞു. നിലവിൽ ഫറൂഖ് കോളജിൽ ബി.എഡ് ചെയ്യുകയാണ്. ഇവിടത്തെ യു.സി.സി അംഗം കൂടിയാണ്. പൗരത്വ പ്രക്ഷോഭകാലത്ത് ഡൽഹിയിൽ നടത്തിയ പലസമരങ്ങളിലും മുന്നണി പോരാളി കൂടിയായിരുന്നു ഷിയാദ്. തലക്കാട് പഞ്ചായത്ത് എട്ടാം വാർഡ് വടക്കൻ കുറ്റൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന നിതിൻ കൂറ്റൂരിന് 25 വയസ്സാണ് പ്രായം. നിലവിൽ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയാണ്. മഞ്ചേരി യൂനിറ്റി വിമൺസ് കോളജിൽ ഓഫിസ് സ്റ്റാഫായി ജോലി ചെയ്യുന്നു.
പരപ്പനങ്ങാടി നഗരസഭയിൽ നിരവധി യുവ സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പതിനേഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി 23 കാരിയായ ചപ്പങ്ങത്തിൽ ഫാത്തിമ രഹന ഇഖ്ബാലുണ്ട്. പരപ്പനങ്ങാടി കരിങ്കല്ലത്താണി ചപ്പങ്ങത്തിൽ മുഹമ്മദിന്റെ ഭാര്യയാണ്. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടി വാൽ പറമ്പൻ ഉമ്മറിന്റെയും ഹബീബയുടേയും മകളാണ് അഫ്ദലുൽ ഉലമ ബിരുദധാരിയായ ഫാത്തിമ രഹ്ന.
പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം എടതുരുത്തി കടവ് വാർഡ് (ഡിവിഷൻ 10) ൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗ് പ്രതിനിധി എം.സി. ഹസീബയുടെ പ്രായം 24 ആണ്. പരപ്പനങ്ങാടി നഗരസഭ ചെയർമാന്റെ പി.എയായി ജോലി ചെയ്യുന്ന അബ്ദുൽ റഊഫ് മാളിയേക്കലിന്റെ ഭാര്യയാണ് ഹസീബ. പരപ്പനങ്ങാടി നഗരസഭയിൽ പതിനൊന്നാം വാർഡിലെ (കുർഞ്ഞിരിത്താഴം) യു.ഡി.എഫ് മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ. അക്ഷിതക്ക് പ്രായം 24 ആണ്. അംഗൻവാടി ടീച്ചറാണ്.
എടപ്പറ്റ പഞ്ചായത്ത് എട്ടാം വാർഡ് മുന്നാടിയിൽ മത്സരിക്കുന്ന നജ്മ സലീം ഒരു തെരഞ്ഞെടുപ്പിൽ ഇതാദ്യമായി വോട്ട് ചെയ്യാൻ പോവുകയാണ്. ആ വോട്ട് തന്റെ പേരിന് നേരെ തന്നെ കുത്താൻ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ഈ 22 കാരി. എൽ.ഡി.എഫ് സ്ഥനാർഥിയായാണ് മത്സര രംഗത്തുള്ളത്. മഠത്തിൽ മുഹമ്മദ് സലീമിന്റെ ഭാര്യയാണ് നജ്മ. തിരൂരങ്ങാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് വയസ്സ് 24.
പെരിന്തൽമണ്ണ: 22ന്റെ ചുറുചുറുക്കിൽ പെരിന്തൽമണ്ണ നഗരസഭ പത്താം വാർഡിൽനിന്ന് ജനവിധി തേടുകയാണ് എൽ.ഡി.എഫ് സ്വാതന്ത്ര സ്ഥാനാർഥി റംഷീന ഷഫീഖ്. സി.എ വിദ്യാർഥിനിയാണ്. രണ്ടുമാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. വാർഡിൽ ജനകീയ വിഷയങ്ങൾ ഒട്ടേറെ ഉണ്ടെന്നും ഇക്കാര്യം വാർഡിൽ വോട്ടു തേടി ഇറങ്ങിയപ്പോൾ പലരും ശ്രദ്ധയിൽ പെടുത്തി എന്നും റംഷീന പറഞ്ഞു. ചക്കിക്കുളത്തിൽ അബ്ദുൽ റഫീഖിന്റെയും സാബിറയുടെയും മകളാണ്.
പൊന്നാനി നഗരസഭയിൽ എല്ല പാർട്ടികളും യുവാക്കൾക്ക് പ്രാമുഖ്യം നൽകിയെങ്കിലും 25 വയസിന് താഴെയുള്ളത് ഒരാൾ മാത്രം. 47ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന എം.എസ്.എഫ് നേതാവ് സി. അസ്ലമാണ് നഗരസഭയിലെ സ്ഥാനാർഥികളിലെ ഇളമുറക്കാരൻ. എം.എസ്.എഫ് പൊന്നാനി നിയോജക മണ്ഡലം സെക്രട്ടറിയായ ഈ 23 കാരൻ കന്നിഅങ്കത്തിനിറങ്ങുകയാണ്.
സി. അസ്ലം
സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ മുറിഞ്ഞഴി വാർഡിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവും മികച്ച പ്രാസംഗികനുമായ ടി.കെ മശ്ഹൂദാണ് എതിർ സ്ഥാനാർഥി. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അസ്ലം പൊന്നാനി എം.ഇ.എസ് കോളജിലെ 22 വർഷത്തെ എസ്.എഫ്.ഐ തേരോട്ടത്തിന് തടയിട്ടതിന്റെ ആത്മവിശ്വാസവുമായാണ് രംഗത്തുള്ളത്. എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റർ സെക്രട്ടറി കൂടിയാണ് അസ്ലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.