പൊന്നാനി: വെളിയങ്കോട് കേന്ദ്രമായി വൈദ്യുതി സബ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വെളിയങ്കോട് കേന്ദ്രമായി വൈദ്യുതി സബ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യമുയർത്തി ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. വെളിയങ്കോട്ട് ഇതിനായി 40 സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും ചതുപ്പുനിലമായതിനാൽ മറ്റൊരു സ്ഥലം തേടുകയാണ്. അതേസമയം ചങ്ങരംകുളത്ത് പുതിയ സബ് സ്റ്റേഷനുള്ള ഭൂമി കണ്ടെത്തി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരസഭയായ പൊന്നാനി ഉൾപ്പെടുന്ന ആറ് ഫീഡറിലേക്ക് വൈദ്യുതിയെത്തിക്കുന്ന പൊന്നാനി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുന്നതിനാണ് വെളിയങ്കോട് കേന്ദ്രമായി വൈദ്യുതി സബ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.
നിലവിൽ പൊന്നാനി തൃക്കാവ്, വെളിയങ്കോട്, പുറങ്ങ്, കോട്ടത്തറ, ചമ്രവട്ടം കടവ് എന്നീ ഫീഡറുകളിലേക്ക് പൊന്നാനിയിലെ 110 കെ.വി സബ് സ്റ്റേഷനിൽനിന്നാണ് വൈദ്യുതി വിതരണം. ഇത് പലപ്പോഴും ലോഡ് താങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതിന് പകരമായി വെളിയങ്കോട് പുതിയ 110 കെ.വി സബ് സ്റ്റേഷനോ, അല്ലെങ്കിൽ 33 കെ.വി സബ് സ്റ്റേഷനോ നിർമിക്കണമെന്നതായിരുന്നു ആവശ്യം.
പ്രവൃത്തി അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നു. പൊന്നാനി മണ്ഡലത്തിൽ അഞ്ചര കോടി രൂപയുടെ വൈദ്യുതി നവീകരണ പ്രവൃത്തികൾ ഊർജിതമായി നടക്കുന്നതായി എം.എൽ.എ പറഞ്ഞു. അണ്ടർ കേബിൾ പ്രവൃത്തികൾ, ട്രാൻസ്ഫോമർ നവീകരണം ഉൾപ്പെടെ വിതരണ മേഖലയിലെ പ്രവൃത്തികൾ ഈ മാസം 30നകം പൂർത്തീകരിക്കാൻ നിർദേശം നൽകി.
ചങ്ങരംകുളത്ത് ഏഴര കിലോമീറ്ററും പൊന്നാനി നഗരസഭ പരിധിയിൽ അഞ്ച് കിലോമീറ്ററും ദൂരത്തിലാണ് അണ്ടർ കേബിൾ പ്രവൃത്തികസഅൾ നടക്കുന്നത്. കൂടാതെ ചങ്ങരംകുളത്തും വെളിയങ്കോടും പുതിയ സബ് സ്റ്റേഷൻ നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. പൊന്നാനി ബീച്ചിലും കർമ്മ റോഡിലും വൈദ്യുതീകരണ പ്രവൃത്തികളും നടക്കുന്നതായി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.