തിരൂർ: തിരൂർ ഗവ. ജില്ല ആശുപത്രിയുടെ ലിഫ്റ്റിൽ യുവതി കുടുങ്ങി. മുക്കാൽ മണിക്കൂറോളം കുടുങ്ങിയ യുവതിയെ ലിഫ്റ്റ് ടെക്നീഷ്യന്റെ സാഹസിക ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടനെ തിരൂർ ഫയർ ഫോഴ്സ് ടീമും സ്ഥലത്തെത്തിയിരുന്നു. ഒഴൂർ ഓണക്കാട് സ്വദേശിനി കള്ളിത്തടത്തിൽ ഷഫ്നയാണ് (34) കുട്ടികളുടെ വാർഡിലുള്ള ലിഫ്റ്റിൽ അകപ്പെട്ടത്. പത്ത് മാസമായി തിരൂർ ഗവ. ജില്ല ആശുപത്രിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മഞ്ചേരി ഇരിവേറ്റി സ്വദേശി പരിയാരത്ത് പറമ്പിൽ മിപിൻ രാജാണ് ധൈര്യസമേതമുള്ള സാഹസിക ഇടപെടലിലൂടെ യുവതിയെ രക്ഷിച്ചത്.
മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ കഫക്കെട്ട് സംബന്ധമായ ചികിത്സ ആവശ്യാർഥം അഞ്ച് ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഷഫ്ന താഴെ നിലയിൽനിന്ന് മരുന്ന് വാങ്ങാനായി ലിഫ്റ്റിൽ കയറിയതായിരുന്നു. വാതിൽ അടഞ്ഞ ഉടനെത്തന്നെ ലിഫ്റ്റ് കുലുങ്ങി പൊടുന്നനെ സ്തംഭിച്ച് നിൽക്കുകയായിരുന്നുവെന്ന് ഷഫ്ന പറഞ്ഞു. 15 മിനിറ്റ് നേരം കാത്ത് നിന്നെങ്കിലും ശ്വാസമെടുക്കാൻ പ്രയാസം തുടങ്ങിയതോടെ ഫോണിൽ ടെക്നീഷ്യനെ വിളിച്ചു.
രക്ഷാ പ്രവർത്തനം തുടങ്ങി പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ് ഷഫ്നക്ക് രക്ഷപ്പെടാനായത്. രക്ഷാപ്രവർത്തനത്തിനിടെ കറന്റ് പോയെങ്കിലും ഡോറിന്റെ വിടവിലൂടെ കേട്ട ടെക്നീഷ്യന്റെ ആശ്വാസവാക്കുകൾ കൊണ്ട് പേടി തോന്നിയില്ലെന്ന് ഷഫ്ന പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തി. ലിഫ്റ്റ് താൽകാലികമായി അടച്ചിടാനും ആവശ്യമായ നിർദേശങ്ങൾ അടങ്ങിയ ബോർഡ് വെക്കാനും വെട്ടം ആലിക്കോയ ആർ.എം.ഒ ബബിത മുഹമ്മദിന് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.