മലപ്പുറം: ഓണം കഴിഞ്ഞതോടെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ അധ്യാപകർക്ക് തിരക്കിന്റെ നാളുകൾ. പാദവാർഷിക പരീക്ഷ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണ പരിപാടികളും വിവിധ മേളകളും കൂടിയെത്തിയതോടെയാണ് ജോലി കൂടിയത്.
ശാസ്ത്ര, കല, കായികമേളകൾ ആരംഭിക്കുന്ന ഘട്ടത്തിൽതന്നെയാണ് പഠനപിന്തുണ പരിപാടികളും നടക്കുന്നത്. പാദവാർഷിക പരീക്ഷ വിലയിരുത്തലും മേളകളും സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കാനാകൂ. നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ഇവ മുന്നോട്ടുകൊണ്ടുപോകാൻ അധ്യാപകർ മാനസിക സമ്മർദം നേരിടുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി. കൂടാതെ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും പൂർത്തീകരിക്കണം.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പഠന പിന്തുണ പരിപാടികൾക്ക് തുടക്കമിടാൻ സെപ്റ്റംബർ രണ്ടിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സെപ്റ്റംബർ ഒമ്പതു മുതൽ 30 വരെയുള്ള സമയത്തിനകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ഉത്തരവിൽ പറയുന്നത്. കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് വകുപ്പ് പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തലും നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പാദവാർഷിക പരീക്ഷയിൽ ഓരോ വിദ്യാർഥികൾക്കും വിവിധ വിഷയങ്ങളിൽ ലഭിച്ച സ്കോർ സമ്പൂർണ പ്ലസ് പോർട്ടലിൽ അപ് ലോഡ് ചെയ്യും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ നേതൃത്വത്തിൽ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം വിളിച്ച് പഠനപിന്തുണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾതലങ്ങളിലെത്തി പരിശോധിച്ച് ഉറപ്പുവരുത്താനും എ.ഇ.ഒമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.