താനൂർ: പത്ത് വർഷം മണ്ഡലത്തിൽ സമഗ്രമാറ്റം കൊണ്ടുവരാൻ സാധിച്ചതായി മന്ത്രിയും എം.എൽ.എയുമായ വി. അബ്ദുറഹ്മാൻ പറഞ്ഞു. ഈ കാലയളവിൽ 2100 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ നടന്നത്. 135 കോടി ചെലവഴിച്ച് നിർമിക്കുന്ന താനൂർ ഹാർബറിന്റെ പ്രവൃത്തി 99 ശതമാനം പൂർത്തീകരിച്ചു. താനൂർ സമ്പൂർണ കുടിവെള്ള പദ്ധതി (428 കോടി) നിർവഹണഘട്ടത്തിലാണ്. താനാളൂർ, നിറമരുതൂർ, പൊന്മുണ്ടം പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിയും താനൂർ നഗരസഭയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന കുടിവെള്ള വിതരണ പൈപ്പിടലും 90 ശതമാനത്തിലേറെ പൂർത്തീകരിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ അധികതുക അനുവദിച്ചു. പി.എച്ച്.സികൾക്ക് സ്ഥലം ലഭ്യമാക്കി. മുഴുവൻ സബ് സെന്ററുകൾക്കും കെട്ടിടം പണിതു. താനൂർ നഗരസഭയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്കാശുപത്രിയായി ഉയർത്തി.
ഒഴൂർ പി.എച്ച്.സി, താനൂർ നഗരാരോഗ്യ കേന്ദ്രം എന്നിവക്ക് ദേശീയ അംഗീകാരം ലഭിച്ചു. മണ്ഡലത്തിലെ മുഴുവൻ ഗവ. വിദ്യാലയങ്ങൾക്കും പുതിയ കെട്ടിടമായി. അങ്കണവാടികൾക്ക് മുതൽ കോളജിന് വരെ ആധുനിക കെട്ടിടം നിർമിച്ചു. ഫിഷറീസ് സ്കൂളിന് പുതിയ ഹോസ്റ്റലായി. ഹൈസ്കൂൾ ബ്ലോക്ക്, സ്റ്റേഡിയം എന്നിവയുടെ പണി പൂർത്തീകരിച്ചു. ഹയർ സെക്കൻഡറി ബ്ലോക്കിന്റെ പ്രവൃത്തി നടന്ന് വരികയാണ്.
സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരമുള്ള പ്ലാനറ്റോറിയം അടുത്ത ദിവസം നാടിന് സമർപ്പിക്കും. 215 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ മണ്ഡലത്തിൽ ചെലവഴിക്കുന്നത്. ചെറിയമുണ്ടം ഐ.ടിഐക്ക് കെട്ടിടമായി. ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സർക്കാർ ബി.എസ്.സി നഴ്സിങ് കോളജ് ആരംഭിച്ചു. എല്ലാ മരാമത്ത് റോഡുകളും നവീകരിച്ചു. തിരൂർ കടലുണ്ടി റോഡ് (65 കോടി) കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിച്ചു. കേരളത്തിൽ പൂർണമായും പൂർത്തീകരിച്ച തീരദേശ റോഡ് താനൂരിലാണ്. (കെട്ടുങ്ങൽ മുതൽ മുഹയുദ്ദീൻ പള്ളി വരെ 3.8 കി.മി. ദൂരം)- 30 കോടി ചെലവിലാണത് പൂർത്തീകരിച്ചത്.
തീരദേശ പാതയുടെ ജില്ലയിലെ ഒന്ന്, രണ്ട് റീച്ചുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. ഹാർബറിന് മുകളിലൂടെ 1800 മീറ്റർ എലിവേറ്റഡായാണ് തീരദേശ പാതയുടെ രണ്ടാം റീച്ച് നടപ്പാക്കുക. താനൂർ-തെയ്യാല റെയിൽവേ മേൽപാലം 33 കോടി കിഫ്ബി ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് നിർമിച്ചത്. തിരൂർ-താനൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം കിഫ്ബി വഴി (13 കോടി ) പൂർത്തീകരിച്ചു. കോട്ടിലത്തറ പാലം (13.90 കോടി), ഉണ്ണ്യാൽ പാലം (20 കോടി), എം.ഇ.ടി-ഇപ്പുട്ടുങ്ങൽ നടപ്പാലം (രണ്ട് കോടി) എന്നിവ ആരംഭിച്ചു. മാതൃക മത്സ്യഗ്രാമം (7. 12 കോടി), പുനർഗേഹം പദ്ധതിയിൽ ഉണ്യാലിൽ 16 ഫ്ലാറ്റുകൾ, ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ ഒഴൂർ കരിങ്കപ്പാറ ജി.യു.പി സ്കൂളിൽ ടർഫ് എന്നിവ പൂർത്തീകരിച്ചു. ദേവധാർ സ്കൂളിൽ ടർഫിനും ഇൻഡോർ സ്റ്റേഡിയത്തിനുമായി 2.45 കോടി അനുവദിച്ചു. ടർഫ് നിർമ്മാണം പൂർത്തീകരിച്ചു. ദേവധാർ സ്കൂളിൽ മാത്രമായി 25 കോടി രൂപയുടെ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസിൽ സ്വിമ്മിങ് പൂൾ, ഗ്രൗണ്ട് എന്നിവ നിർമ്മിച്ചു.
ഉണ്യാലിൽ ഫിഷറീസ് സ്ഥലത്ത് ഇമ്പിച്ചിബാവ സ്മാരക സ്റ്റേഡിയം, ഷോപ്പിങ് കോംപ്ലക്സ് എന്നിവ ഒരുക്കി. ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി. സ്റ്റേഡിയം, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവയും, സ്വയം പ്രതിരോധത്തിന് ജൂഡോ പരിശീലനവും ഒരുക്കി. നിറമരുതൂർ സ്കൂളിൽ 2. 25 കോടിയുടെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, താനൂർ ഗവ. കോളജിൽ 2.5 കോടി രൂപ ചെലവിച്ചുള്ള സ്റ്റേഡിയം എന്നിവയും പ്രധാന നേട്ടങ്ങളാണ്.
കെ.എൻ. മുത്തുക്കോയ തങ്ങൾ (മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്)
വികസന പദ്ധതികൾ മിക്കതും പ്രഖ്യാപനങ്ങളിലൊതുങ്ങിയതായി മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. 150ലധികം കോടി രൂപ ചെലവഴിച്ച കുടിവെള്ള പദ്ധതി നിശ്ചലമാണ്. മുൻ എം.എൽ.എ തുടങ്ങിയ പൊന്മുണ്ടം ബൈപാസിന്റെ തുടർ പ്രവൃത്തി ഏറ്റെടുക്കാൻ എം.എൽ.എക്ക് സാധിച്ചില്ല. സി.എച്ച്. മുഹമ്മദ് കോയ ആർട്സ് ആന്റ് സയൻസ് കോളജ് 10 വർഷമായിട്ടും വാടക കെട്ടിടത്തിൽ തന്നെ. വട്ടത്താണി റെയിൽവെ മേൽപാലം യാഥാർഥ്യമായില്ല. ആർ.ഒ വാട്ടർ എന്ന പേരിൽ കുടിവെള്ള വിതരണത്തിനായി ചെറിയമുണ്ടം, ഹയർസെക്കൻഡറി സ്കൂൾ, താനാളൂർ പാറക്കുളം, പുത്തൻതെരു വായനശാല, ഒഴൂർ തലക്കെട്ടുർ, വള്ളിക്കാഞ്ഞിരം വള്ളിക്കുളം എന്നിവിടങ്ങളിൽ തുടങ്ങിയ കേന്ദ്രങ്ങൾ നോക്കുകുത്തിയായി. അഞ്ചുടി പാലം ഇനിയും യാഥാർഥ്യമായില്ല. താനാളൂർ പഞ്ചായത്ത് വിഭജിക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി.
കെ.പുരം വില്ലേജ് സ്ഥാപിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും തഥൈവ. കനോലി കനാൽ സൗന്ദര്യവത്കരണ ഭാഗമായി മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാനായില്ല. ‘തൂവൽ തീരം’ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുകയോ പരിപാലിക്കുകയോ ചെയ്യാതെ നശിപ്പിച്ചു.
താനൂർ സി.എച്ച്.സിയെ താലൂക്കാശുപത്രിയായും ജില്ല ആശുപത്രിയായും ഉയർത്തുമെന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങി. താനൂർ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് സ്കൂളാക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ഫിഷിങ് ഹാർബർ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുന്ന നിലയിലാണ്. ദേവധാർ മേൽപ്പാലത്തിന്റെ ടോൾ പിരിവ് ഉപേക്ഷിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല.
വി.വി.എൻ. നവാസ് (അധ്യാപകൻ)
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യ മേഖലയിലെ സേവന വിപുലീകരണവും പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നു. എന്നാൽ, ഇതോടൊപ്പം തുടങ്ങിയ പല വികസന പദ്ധതികളും മുന്നോട്ടുപോകാതെ ഇഴയുന്നു. കുടിവെള്ള പദ്ധതികളിലെ താമസം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കനോലി കനാൽ നവീകരണ പദ്ധതിയും ഒട്ടുംപുറം ടൂറിസം പദ്ധതിയും യാഥാർഥ്യമായിട്ടില്ല. അങ്ങാടിയിലെ കൂനൻ പാലം, അഞ്ചുടി-കുണ്ടുങ്ങൽ പാലം എന്നിവയും പദ്ധതി പ്രഖ്യാപനങ്ങൾക്കപ്പുറം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.