മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകളിലൊന്ന് നഗരസഭ
ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞപ്പോൾ
മലപ്പുറം: നഗരസഭ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനെതിരെ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പൊലീസ് സ്റ്റേഷൻ മുൻവശത്ത് ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ചൊവാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോട്ടപ്പടിയിൽ നിന്ന് പ്രകടനമായാണ് നഗരസഭ അംഗങ്ങൾ സ്റ്റേഷന് മുന്നിലെത്തിയത്. തുടർന്ന് സ്റ്റാൻഡിൽ പ്രവേശിക്കാത്ത ബസുകൾ കൗൺസിലർമാർ തടഞ്ഞു നിർത്തിയതോടെ ഡ്രൈവർമാരുമായി വാക്കേറ്റമുണ്ടായി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ബസുകൾ സ്റ്റാൻഡിലേക്ക് വഴി തിരിച്ചു വിടാൻ ആരംഭിച്ചതോടെ നഗരസഭ ഭരണസമിതി പ്രതിഷേധം അവസാനിപ്പിച്ചു.
ബസ് ഉടമകളുമായി മുമ്പ് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാൻ തയാറായിരുന്നില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഭരണസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ബസ്സുടമകൾ സൂചന പണിമുടക്ക് നടത്തി ഓട്ടം നിർത്തിവെച്ചു. ബസുകൾ പ്രവേശിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നഗരസഭാധ്യക്ഷ അഡ്വ.വി.റിനിഷ അറിയിച്ചു. സമരത്തിന് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹാരിസ് ആമിയൻ,
പരി അബ്ദുൽ മജീദ്, മറിയുമ്മ ശരീഫ്, സമീറ മുസ്തഫ, പ്രതിപക്ഷ നേതാവ് എം.കെ.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
മലപ്പുറം: സ്വകാര്യ ബസുകൾ ബുധനാഴ്ച മുതൽ പഴയപോലെ നഗരത്തിൽ സർവീസ് നടത്തും. ബസുടമകളും തൊഴിലാളികളും ചൊവാഴ്ച വൈകീട്ട് മൂന്നിന് മോട്ടോർ വാഹന വകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുന്നുമ്മലിൽ നിന്ന് വരുന്ന ബസുകൾ നഗരസഭ സ്റ്റാന്റിൽ കയറിയും കോട്ടപ്പടിൽ നിന്ന് വരുന്ന ബസുകൾ സ്റ്റാൻറിൽ കയറാതെ കുന്നുമ്മലിലേക്കും സർവീസ് നടത്തും. മാർച്ച് 15 വരെ സർവീസ് നടത്തും. തുടർന്ന് നഗരസഭ അധികൃതരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.