കൊണ്ടോട്ടി: ഒരു ഇടവേളക്ക് ശേഷം കൊണ്ടോട്ടി നീറാട് മേഖലയില്‍ തെരുവുനായ ശല്യം വീണ്ടും രൂക്ഷമാകുന്നു. നഗരസഭയിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട നീറാട്, ചാലൊടി, എടാലത്ത് പള്ളിയാളി ഭാഗങ്ങളിലാണ് ജനജീവിതത്തിന് ഭീഷണിയായി നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം നായ്ക്കള്‍ ആക്രമിക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍കാലങ്ങളിലാണ് നായകളുടെ വിളയാട്ടം കൂടുതലും. മദ്റസ വിദ്യാര്‍ഥികളെയും പത്ര വിതരണത്തിനിറങ്ങുന്നവരെയുമെല്ലാം നായ്ക്കള്‍ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ബൈക്കില്‍ പോകുന്നവരെയും നായ്ക്കളുടെ കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുന്നുണ്ട്. ജനജീവിതത്തിന് വെല്ലുവിളിയായ വിഷയത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ ശക്തമാണ്. നഗരത്തില്‍ നേരത്തെ തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന നടപടി നഗരസഭാധികൃതരുടെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. നായ്ക്കള്‍ ജനവാസ മേഖലയില്‍ തമ്പടിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.