ചിങ്കക്കല്ല് ആദിവാസി കുട്ടികൾ വീണ്ടും സ്കൂളിലെത്തി

കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി ഉന്നതിയിലെ കുട്ടികൾ പഠനം പുനരാരംഭിച്ചു. യാത്ര സൗകര്യമില്ലാത്തതിനാലാണ് ഇവിടത്തെ കുട്ടികളുടെ പഠനം മുടങ്ങിയത്. ഇതേക്കുറിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ഇടപെട്ട് യാത്രാസൗകര്യം ഒരുക്കിയതോടെയാണ് കുട്ടികൾ സ്കൂളിലെത്തിയത്. ഐ.ടി.ഡി.പി അധികൃതർ യാത്ര സൗകര്യമൊരുക്കാത്തതിനാലാണ് ചിങ്കക്കല്ല് ആദിവാസികുട്ടികളുടെ പഠനം മുടങ്ങിയത്. ഈ അധ്യയന വർഷത്തിൽ എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള എട്ട് കുട്ടികളുടെ പഠനമാണ് മുടങ്ങിയത്. ചിങ്കക്കല്ല് ഉന്നതിയിൽനിന്ന് നാല് കിലോമീറ്ററോളം സഞ്ചരിച്ച് വേണം കുട്ടികൾക്ക് എൽ.പി സ്കൂളിലെത്താൻ.

എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ കല്ലാമൂല ജി.എൽ.പി സ്കൂളിലും യു.പി മുതൽ ഹയർ സെക്കൻഡറി വരെ പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. കല്ലാമൂല സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ എ.പി. അനിൽകുമാർ ഐ.ടി.ഡി.പി അധികൃതരോടും പഞ്ചായത്ത് അധികൃതരോടും നിർദേശിച്ചു.

പുല്ലങ്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളെ ചിങ്കക്കല്ലിന് സമീപത്തെ വള്ളിപ്പുള വരെ എത്തുന്ന സ്കൂൾ ബസിൽതന്നെ യാത്രസൗകര്യം ഒരുക്കിയതായി ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗം വി.പി. ഹസ്കർ അറിയിച്ചു. ഓട്ടോയിൽ യാത്രചെയ്യുന്ന കുട്ടികൾക്ക് യാത്ര ചെലവിനുള്ള തുക ഐ.ടി.ഡി.പി നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

Tags:    
News Summary - Chinkakallu tribal children return to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.