അനധികൃത ഖനനവും ധാതുക്കളുടെ കടത്തും തടയാൻ രൂപവത്കരിച്ച സംയുക്ത സ്ക്വാഡിന്റെ പ്രവര്‍ത്തനം
ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍
വിലയിരുത്തുന്നു
മലപ്പുറം: ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചത്.
നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 12നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു.
സാധുവായ പരിസ്ഥിതി അനുമതി (ഇ.സി) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ച അനധികൃത ചെങ്കൽ ക്വാറിയിലും ജിയോളജി - പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി തുടർനടപടി സ്വീകരിച്ചു. വ്യാഴാഴ്ച ജില്ല കലക്ടർ, എ.ഡി.എം, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ ചെക്ക്പോസ്റ്റുകൾ നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും സ്ക്വാഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.