പുലാമന്തോൾ: കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീർ-ജസീമ ദമ്പതികളുടെ 19 വയസ്സുകാരനായ മകൻ മുഹമ്മദ് സിനാന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദേശം നൽകിയത്. സിനാന്റെ അമ്മാവനും ജില്ല മുൻ കെ.എസ്.യു പ്രസിഡൻറുമായ ജിഷാം പുലാമന്തോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിലാണ് നിർദേശം. 2026 മാർച്ച് 10നാണ് മുഹമ്മദ് സിനാനെ മലപ്പുറത്തുനിന്ന് കാണാതായത്. തുടർന്ന് കൊളത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മാർച്ച് 11ന് തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് സമീപം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തു. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
മരണ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 16ന് അന്നത്തെ മുഖ്യമന്ത്രിക്കും കേരള ഡി.ജി.പിക്കും ജിഷാം നിവേദനം നൽകിയിരുന്നു. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.