കുടിവെള്ള ആവശ്യത്തിന് റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാതെ അധികൃതർ. ഇതേ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കക്കാട് മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴികളാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവന് ഭീഷണിയാകുന്നത്. ഏറ്റവുമൊടുവിൽ, അധികൃതരുടെ അനാസ്ഥയിൽ ചന്തപ്പടിയിൽ ഒരാളുടെ ജീവനെടുക്കുന്ന സാഹചര്യമുണ്ടായി.
മരണം കണ്ണു തുറപ്പിക്കുമോ?
കഴിഞ്ഞ ദിവസം ചന്തപ്പടിയിൽ കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ വീണ് പോർട്ടർ തൊഴിലാളിയായ മുസ്തഫ ദാരുണമായി മരണപ്പെട്ടിരുന്നു. രാത്രികാലങ്ങളിൽ വെളിച്ചമോ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കുഴിയാണ് മുസ്തഫയുടെ ജീവനെടുത്തത്. കഷ്ടപ്പെട്ട് ഉപജീവനം നടത്തിയിരുന്ന ഒരു കുടുംബത്തിന്റെ ഏക അവലംബമാണ് അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതായത്.
മുസ്തഫയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ദിവസേന ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയിൽ നടക്കുന്നത്. റോഡ് വെട്ടിപ്പൊളിച്ചിടാൻ കാണിക്കുന്ന വേഗത ഇത് മൂടാനോ പൂർവസ്ഥിതിയിലാക്കാനോ കരാറുകാരോ ബന്ധപ്പെട്ട വകുപ്പുകളോ കാണിക്കുന്നില്ല. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയുമാണ് പ്രവൃത്തികൾ നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പരാതികൾ ഏറെ; നടപടി പൂജ്യം
മഴക്കാലം എത്തിയതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ആഴമറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കാൽനടക്കാർക്ക് പോലും ഇതുവഴി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കുഴിയെടുത്ത ഭാഗങ്ങളിൽ റിഫ്ലക്ടറുകളോ കൃത്യമായ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ കുറവുള്ള ഭാഗങ്ങളിൽ കുഴികൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു. പൈപ്പ് ഇടൽ, റോഡ് അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ലാതെ പരസ്പരം പഴിചാരി തടിയൂരാൻ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്.
പ്രതിഷേധം ശക്തമാകുന്നു
മുസ്തഫയുടെ മരണത്തെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനി ഒരു ജീവൻകൂടി ഈ റോഡിൽ പൊലിയാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. അടിയന്തരമായി കുടിവെള്ള പദ്ധതിയുടെ പണികൾ പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് ജനങ്ങളുടെ തീരുമാനം. വീഴ്ച വരുത്തിയ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മരണപ്പെട്ട മുസ്തഫയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയിൽ കക്കാട് മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗങ്ങളിൽ കുടിവെള്ള പദ്ധതികൾക്കായി വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്ത അധികൃതരുടെ നിലപാടിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. റോഡിലെ വലിയ കുഴികൾ കാരണം കടുത്ത യാത്രാദുരിതമാണ് പ്രദേശവാസികളും യാത്രക്കാരും അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിക്കാൻ ഇടയായ സംഭവം ഏറെ ദാരുണവും പ്രതിഷേധാർഹവുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കുടിവെള്ള പദ്ധതികൾക്കായി റോഡ് വെട്ടിപ്പൊളിച്ചശേഷം പുനരുദ്ധാരണ പ്രവൃത്തികൾ നടപ്പിലാക്കുന്നതിൽ കരാറുകാരും ബന്ധപ്പെട്ട വകുപ്പുകളും കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. നിർമാണപ്രവൃത്തികൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയുണ്ടാകുന്നില്ല. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി. സാബിർ, വി.വി. ആയിഷുമ്മു, അലി അക്ബർ കുണ്ടൂർ എന്നിവർ സംസാരിച്ചു. എത്രയും വേഗം റോഡ് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -സി.പി.ഐ
പരപ്പനങ്ങാടി: ചെമ്മാട്-പരപ്പനങ്ങാടി റോഡിലെ ചന്തപ്പടിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട കുന്നത്തേരി മുസ്തഫയുടെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സി.പി.ഐ തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), നഗരസഭ എന്നിവയുടെ ഏകോപനമില്ലായ്മയും റോഡ് പുനർനിർമാണത്തിലുണ്ടായ കടുത്ത കെടുകാര്യസ്ഥതയുമാണ് അപകടത്തിനും തുടർന്ന് യുവാവിന്റെ മരണത്തിനും വഴിവെച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ ഈ ദാരുണ സംഭവത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും കുടുംബത്തെ സഹായിക്കാൻ അർഹമായ ധനസഹായം ഉടൻ പ്രഖ്യാപിക്കണമെന്നും ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റോഡ് പുനരുദ്ധാരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം -സി.പി.എം
തിരൂരങ്ങാടി: പരപ്പനങ്ങാടി-നാടുകാണി റോഡിൽ കക്കാട് മുതൽ പതിനാറുങ്ങൽ വരെയുള്ള ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി കുഴിച്ച ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡ് കുഴിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കാത്തത് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കാലതാമസം തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. ടി.പി. ബാലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹീംകുട്ടി, എം.പി. ഇസ്മായിൽ, കെ. രാമദാസ്, ഇ.പി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.