ആതവനാട് ഗ്രാമപഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം
ആതവനാട്: കാലവർഷത്തിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അപകടസാധ്യത അവഗണിച്ച് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾ തെന്നുന്ന നിലയിലായിട്ടും നിരവധി പേരാണ് അപകടകരമായ ഭാഗങ്ങളിലേക്ക് കടന്ന് കാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്. സഞ്ചാരികൾ എത്തുന്നതനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഇവിടെയില്ല. കഴിഞ്ഞ ദിവസം കൂട്ടുകാരുമായി വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചിരുന്നു.
വർഷങ്ങൾക്കുമുമ്പും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. സുരക്ഷാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് അവഗണിച്ചാണ് താഴ്ചയിലേക്ക് കുളിക്കാനിറങ്ങുന്നത്. അപകടസാഹചര്യമൊഴിവാക്കാൻ ആതവനാട് പഞ്ചായത്ത് കമ്പിവേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത് പലഭാഗങ്ങളിലും തകർന്ന അവസ്ഥയിലാണ്. അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ അവ നശിപ്പിക്കുന്നതും പതിവാണ്. ദുർഘടമായ വഴിയിലൂടെ സഞ്ചരിച്ചാണ് വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്തിച്ചേരുക.
വെള്ളച്ചാട്ടത്തിനുതാഴെ വെള്ളം കെട്ടിനിൽക്കാൻ ബണ്ട് കെട്ടിയതിനാൽ മഴയിൽ ജലനിരപ്പ് ഉയരുകയും അപകടസാധ്യത കൂടുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ മുന്നറിയിപ്പ് നൽകിയാൽപോലും വിദൂര സ്ഥലങ്ങളിൽനിന്നും വരുന്നവരിൽ പലരും അത് അവഗണിക്കുകയാണ്. അപകടകരമായ ഭാഗങ്ങളിലേക്ക് ആളുകൾ കടക്കുന്നത് തടയാൻ സംവിധാനം വേണമെന്ന് നാട്ടുകാർ പറയുന്നു. ഓണാവധിക്കായി സ്കൂൾ അടക്കുന്നതോടെ കുട്ടികളുടെ ഒഴുക്കും ഇവിടേക്ക് കൂടും. തകർന്ന കമ്പിവേലികൾ അടിയന്തരമായി പുനഃസ്ഥാപിക്കുക, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, അപകടമേഖലയിൽ സുരക്ഷാജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.