മലപ്പുറം: ഗൃഹാതുര സ്മരണകളുമായി മറ്റൊരു ഓണം കൂടി പടിവാതിൽക്കലെത്തുന്നു. ഞായറാഴ്ച അത്തം. അത്തം പിറന്ന് പത്താംനാൾ തിരുവോണം. ഇത്തവണ അത്തം പിറക്കുന്നത് കർക്കടക മാസത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്. ചിങ്ങമാസം മറ്റൊരു തിരുവോണനാൾ കൂടി വരാത്തതിനാലാണ് കർക്കടകത്തിൽ തന്നെ അത്തത്തെ വരവേൽക്കുന്നത്.
പൂവിളികളും അത്തപ്പൂക്കളങ്ങളുമായി ഇനി മലയാളികൾ ഓണത്തിരക്കിന്റെ നാളുകളാണ്. ഓരോ ദിവസത്തെയും പൂക്കളത്തിനും ആചാരങ്ങൾക്കും പ്രത്യേകതകളുണ്ട്. അത്തം നാളായ ഒന്നാം ദിനത്തിൽ ചാണകം മെഴുകിയ തറയിൽ മഞ്ഞനിറത്തിലുള്ള തുമ്പപ്പൂ മാത്രം ഇട്ടാണ് പൂക്കളത്തിന് തുടക്കം കുറിക്കുന്നത്.
ചിത്തിര, ചോതി നാളുകളിൽ കൂടുതൽ വരികളായി പലതരം പൂക്കൾ കളത്തിൽ ഇടംപിടിക്കും. ചോതി നാളോടെ ഓണക്കോടി വാങ്ങാനുള്ള തിരക്കുകൾ ആരംഭിക്കും. വിശാഖം വിപണി സജീവമാകുന്ന ദിവസമാണ്. ഈ ദിവസങ്ങളിൽ ഓണസദ്യക്കുള്ള ഒരുക്കം തുടങ്ങുന്നു. അനിഴം നാളിലാണ് പ്രശസ്തമായ വള്ളംകളികൾക്ക് തുടക്കമാകുന്നത്. തൃക്കേട്ട, മൂലം, പൂരാടം നാളുകളിൽ കുടുംബാംഗങ്ങൾ ഒത്തുചേരുകയും കളിമണ്ണിൽ തീർത്ത ഓണത്തപ്പന്റെ (തൃക്കാക്കരയപ്പൻ) വിഗ്രഹങ്ങൾ ഒരുക്കി ആരാധനകൾ ആരംഭിക്കുകയും ചെയ്യുന്നു. ഒന്നാം ഓണമായ ഉത്രാടപ്പാച്ചിലിലൂടെ സദ്യവട്ടങ്ങൾ ഒരുക്കി, തിരുവോണ നാളിൽ തൂശനിലയിൽ ഓണസദ്യയും കഴിച്ച് മലയാളികൾ ഈ മഹോത്സവം പൂർണമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.