മലപ്പുറം: പ്രതീക്ഷയോടെ ജില്ല മുന്നോട്ടുവെച്ച മിക്ക പദ്ധതികളും ബജറ്റിൽ ഇടംകണ്ട സന്തോഷത്തിലാണ് മലപ്പുറം. ആരോഗ്യ മേഖലയിലും കായിക രംഗത്തും ജില്ലക്ക് വലിയ പ്രാധാന്യം നൽകിയുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ഈ വർഷത്തെ പരിഷ്കരിച്ച ബജറ്റിലുള്ളത്. ആരോഗ്യം, കായിക വിനോദം, തീരദേശ വികസനം എന്നിവക്കാണ് ബജറ്റിൽ കൂടുതൽ പരിഗണന ലഭിച്ചത്. ജില്ലയിൽ പുതിയ അത്യാധുനിക കാൻസർ സെന്റർ സ്ഥാപിക്കാൻ 10 കോടി രൂപ വകയിരുത്തി.
മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്താൻ അഞ്ച് കോടി രൂപ അനുവദിച്ചു. മഞ്ചേരി ഉൾപ്പെടെ പിന്നാക്ക ജില്ലകളിലെ മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പ്രത്യേക നടപടികൾ പ്രഖ്യാപിച്ചു. മലബാർ മേഖലയിലെ കായിക വളർച്ച ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ 50 കോടി രൂപ അനുവദിച്ചത് മലപ്പുറത്തെ കായിക പ്രേമികൾക്ക് വലിയ നേട്ടമാകും.
കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭാഗമായി പൊന്നാനി ഹാർബറിന് തുക അനുവദിച്ചതിനൊപ്പം, തീരസംരക്ഷണത്തിന് മൂന്ന് കോടി രൂപ നീക്കിവെച്ചു. സാംസ്കാരിക മേഖലക്ക് ഉണർവേകാൻ പൊന്നാനിയിൽ ബിനാലെ സംഘടിപ്പിക്കും. കോഹിനൂര്‍ മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠനം നടത്തുമെന്നതും ബജറ്റിലെ സുപ്രധാന ചുവടുവെപ്പാണ്. നിലമ്പൂര്‍ ഗവ. കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്ന ദീർഘകാല ആവശ്യത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുതിയ ജില്ലകള്‍ രൂപവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ജില്ലയുടെ സ്വപ്നങ്ങൾക്ക് ചിറകേറിയിട്ടുണ്ട്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും പദ്ധതി വിഹിതം വെട്ടിക്കുറച്ചതും ജില്ലയെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം പ്ലാൻ ഫണ്ട് 35,000 കോടിയിൽ നിന്നും 30,300 കോടി രൂപയായി കുറച്ചതിനാൽ ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ വേഗതയെ ബാധിച്ചേക്കും. തിരുവനന്തപുരം, കൊച്ചി കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചതുപോലെ ഐ.ടി, വൻകിട വ്യവസായ സംരംഭങ്ങൾ മലപ്പുറത്തേക്ക് കാര്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മലബാർ മേഖലയിലെ റോഡ് വികസനത്തിനും ബൈപ്പാസുകൾക്കുമായി വൻകിട പാക്കേജുകളും മലപ്പുറം കേന്ദ്രീകരിച്ച് ഈ ബജറ്റിൽ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.