ഷിഗ​െല്ല പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന സ്കൂൾ പ്രതിനിധികളുടെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രതിനിധികളുടെയും സംയുക്തയോഗത്തിൽ മലപ്പുറം നഗരസഭ ചെയർപേഴ്സൻ അഡ്വ. റിനിഷ സംസാരിക്കുന്നു

ഷിഗെല്ല: ജാഗ്രതയോടെ നാട്

മലപ്പുറം: ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ സ്കൂൾ പ്രതിനിധികളുടെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൻ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു.

നഗരസഭ പരിധിയിലെ രണ്ടിടങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പൊതുജനങ്ങളിൽ ജാഗ്രത വർധിപ്പിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ചചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷ, വ്യക്തിശുചിത്വം, കുടിവെള്ളത്തിന്റെ സുരക്ഷ എന്നിവ കർശനമായി പാലിക്കണമെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു.

ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനകളും ശുചിത്വ പ്രവർത്തനങ്ങളും ഊർജിതമാക്കും. കുടിവെള്ള സ്രോതസ്സുകൾ, ഭക്ഷ്യസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും ശക്തമാക്കും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, മറിയുമ്മ ശരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ അടക്കമുള്ള പ്രതിനിധികൾ, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രതിനിധികൾ, ആശാ പ്രവർത്തകർ, കൗൺസിലർമാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കരുവാരകുണ്ടിൽ പ്രതിരോധം ശക്തം

കരുവാരകുണ്ട്: ഷിഗെല്ല, മഞ്ഞപ്പിത്ത വ്യാപന പ്രതിരോധഭാഗമായി പഞ്ചായത്ത് സംഘം കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചു.പഞ്ചായത്ത് സെക്രട്ടറി സി.പി. അസീനയുടെ നേതൃത്വത്തിൽ 25ലധികം ഹോട്ടൽ, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാതെയും വൃത്തിഹീന സാഹചര്യത്തിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന വരുംദിവസങ്ങളിലും തുടരും. അസി. സെക്രട്ടറി ഇ.കെ. അരുൺ, ജൂനിയർ സൂപ്രണ്ട് ജി. ബിന്ദുരാജ്, ആരോഗ്യ ഇൻസ്പെക്ടർ എൻ.കെ. ബിനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Shigella malappuram on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.