ഉദ്ഘാടനം കഴിഞ്ഞു; ഇനിയും ഫിറ്റ്നസ് ലഭിക്കാനുള്ളത് ആറ് സ്കൂൾ കെട്ടിടങ്ങൾ

മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞിട്ടും ജില്ലയിൽ ഫിറ്റ്നസ് കിട്ടാത്തതെ ആറ് വിദ്യാലയങ്ങൾ. നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്, കൊട്ടപ്പുറം ജി.എച്ച്.എസ്.എസ്, ചാലിയപ്പുറം ജി.എച്ച്.എസ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് തിരുവാലി എന്നീ വിദ്യാലങ്ങളിലെ കെട്ടിടങ്ങൾക്കാണ് ഫിറ്റ്നസ് കിട്ടാനുള്ളത്.

നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ല വിദ്യാഭ്യാസ ഉപഡ‍യറക്ടർ കെ.പി. രമേഷ് കുമാർ അറിയിച്ചു. വിഷയം ആഗസ്റ്റ് 27ന് നടന്ന വികസന സമിതി യോഗം ചർച്ച ചെയ്തിരുന്നു.

യോഗ തീരുമാനപ്രകാരം പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കലക്ടർ വി.ആര്‍. പ്രേംകുമാര്‍ നിർദേശം നൽകി. തുടർന്നാണ് അടിയന്തര നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയത്. ഫിറ്റ്നസ് ലഭ്യമാക്കാനായി കെട്ടിട വിഭാഗം എൻജിനീയറിങ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ജില്ലയില്‍ കിഫ്ബി വഴി 425.80 കോടി രൂപ അനുവദിച്ചിരുന്നു. 16 സ്‌കൂളുകള്‍ക്ക് അഞ്ചുകോടി കിട്ടിയിരുന്നു. ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന 86 സ്കൂളുകൾക്ക് മൂന്നുകോടി, 500ല്‍പരം കുട്ടികള്‍ പഠിക്കുന്ന 66 സ്കൂളുകൾക്ക് ഒരുകോടി വീതവും അനുവദിച്ചിരുന്നു. നേരത്തേ അഞ്ചുകോടി അനുവദിച്ച 16 സ്‌കൂളുകള്‍, മൂന്നുകോടി അനുവദിച്ച 28 സ്‌കൂളുകള്‍, ഒരുകോടി അനുവദിച്ച എട്ട് സ്‌കൂളുകള്‍ എന്നിവ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിരുന്നു.

ഇതിലെ ആറ് വിദ്യാലയങ്ങൾക്കാണ് ഫിറ്റ്നസ് കിട്ടാതെ നീളുന്നത്. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. കൈറ്റ്, ഇന്‍കെല്‍, വാപ്‌കോസ്, കില, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ഇ.ഡി തുടങ്ങിയ ഏജന്‍സികൾ വഴിയാണ് നിർമാണം പുരോഗമിക്കുന്നത്.

Tags:    
News Summary - Six school buildings still need to get fit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.