അക്ബർ
നിലമ്പൂർ: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വഴിക്കടവ് പൂവ്വത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെയാണ് (56) നിലമ്പൂർ ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നിലമ്പൂർ രാമംകുത്ത് സ്വദേശി അക്കരപ്പീടിക റുഖിയയുടെ വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് രണ്ടര പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മോഷ്ടിച്ചത്. കഴിഞ്ഞ ജൂൺ അഞ്ചിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ പ്രതി, അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും രൂപയും മോഷ്ടിക്കുകയായിരുന്നു.
മകൻ നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയയും മരുമകളും ഉൾപ്പെടെ എല്ലാവരും രാത്രി 9. 45ഓടെ വീടുപൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്കു പോയിരുന്നു. രാവിലെ റുഖിയ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവശേഷം മുങ്ങിയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. മുമ്പ് ജയിലിൽവെച്ച് പരിചയപ്പെട്ട മറ്റൊരു മോഷണക്കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്.
മോഷണമുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞതവണ നേപ്പാളിൽ വരെ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ മേയ് അവസാനത്തിലാണ് ജയിൽമോചിതനായത്. രാത്രികാലത്ത് ട്രെയിനിൽ വന്നു ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
എസ്.ഐ രതീഷ്, എ.എസ്.ഐ സുനിത, സി.പി.ഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി. സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.