കൊടുമുടി: പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴക്ക് കുറുകെ കാലടിക്കുന്നിൽ റെഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ് നിർമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രോജക്ട് ഓഫിസ് ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ 15 ദിവസത്തിനുള്ളില്‍ പൂർത്തിയാവുമെന്നും തുടർന്ന് നിര്‍മാണം ആരംഭിക്കുമെന്നും സ്ഥലം സന്ദർശിച്ച മുഹമ്മദ് മുഹ്സിന് എം.എല്‍.എ പറഞ്ഞു. തടയണ യാഥാർഥ്യമാവുന്നതോടെ പുഴയുടെ മൂന്നു കിലോമീറ്ററോളം വെള്ളം സംഭരിച്ചുനിർത്താൻ കഴിയും. ഇരു ഗ്രാമപഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ശ്രമഫലമായി ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നു. 25.5 കോടി രൂപക്ക് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിനെ (കെ.ഐ.ഐ.ഡി.സി) ഏൽപ്പിച്ചു കൊണ്ടാണ് തത്വത്തിൽ ഭരണാനുമതി ലഭിച്ചത്. കെ.ഐ.ഐ.ഡി.സി സമർപ്പിച്ച വിശദ ഡി.പി.ആർ പ്രകാരം കിഫ്ബി 29.48 കോടിയുടെ സാമ്പത്തിക അനുമതി നൽകി. പദ്ധതി ടെക്നിക്കൽ കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിക്കുകയും 29.18 കോടി രൂപക്ക് സാങ്കേതിക അനുമതി നൽകുകയും ചെയ്തു. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഏറ്റവും കുറഞ്ഞ തുകക്ക് ടെൻഡർ ലഭിച്ചത്. റെഗുലേറ്റർ, ഫുട്ട് ബ്രിഡ്ജ് (നടപ്പാലം), ഏപ്രൺ, ഓപറേറ്റിങ് പ്ലാറ്റ്ഫോം, അപ്രോച്ച് റോഡ്, ജനറേറ്റർ റൂം, സൈഡ് പ്രൊട്ടക്ഷൻ വർക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് ആർ.സി.എഫ്.ബിയിലെ പ്രധാന ഘടകങ്ങൾ. കൈവരികളുൾപ്പെടെ 1.5 മീറ്റർ വീതിയുള്ള നടപ്പാലം നദിയുടെ ഇരുകരകളിലുമായും ബന്ധിപ്പിക്കുന്നു. 2.5 മീറ്റർ വീതിയുള്ള ഓപറേറ്റിങ് പ്ലാറ്റ്ഫോമും ഷട്ടറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. പദ്ധതി പ്രദേശം ഉൾപ്പെടുന്ന പൈലിപ്പുറം, കൊടുമുടി എന്നീ സ്ഥലങ്ങൾ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജമാലുദ്ദീൻ, പി.കെ. സുഭാഷ്, വി.ടി. ബിജു, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗം ടി.പി. മെറീഷ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലോളി, അനീഷ് വലിയകുന്ന്, ഉമ്മര്‍, രാമചന്ദ്രന്, സി. സുരേഷ്, അഫ്സല്, ഇഖ്ബാൽ പാലോളി, ടി.പി. അൻവർ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.