കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സിയും തുടരുന്ന മത്സരയോട്ടവും വേഗപ്പാച്ചിലും റോഡിന്റെ ആശാസ്ത്രീയതയും നിരത്തില്‍ യാത്രികരുടെ ജീവന് പന്താടുന്നു. അശാസ്ത്രീയമായി നിർണയിച്ച സമയത്തിനകം ലക്ഷ്യത്തിലേക്കെത്താന്‍ കുതിക്കുന്ന ബസ് ജീവനക്കാരും മറ്റു യാത്രികരും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തുമ്പോഴും അധികൃതര്‍ തുടരുന്ന മൗനം കടുത്ത പ്രതിഷേധമാണുയര്‍ത്തുന്നത്. ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും അതി വേഗത്തിലെത്തുന്ന ബസുകളിലെ ജീവനക്കാരും തമ്മിലെ തര്‍ക്കം നിരന്തരം ആവര്‍ത്തിക്കുമ്പോഴും മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പൊലീസും ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്.
ദേശീയപാതയില്‍ ചെറുവാഹനയാത്രികരെ പ്രകോപിപ്പിച്ചാണ് ബസുകളുടെ മത്സരയോട്ടമെന്നാണ് പ്രധാന പരാതി. കഴിഞ്ഞദിവസം ഐക്കരപ്പടിക്കടുത്തുവെച്ച് ബസിന് കടന്നുപോകാന്‍ വശം നല്‍കിയില്ലെന്നതിന്റെ പേരില്‍ ബസ് ജീവനക്കാരും സ്കൂട്ടർ യാത്രികനും തമ്മിലുണ്ടായ തര്‍ക്കം യാത്രക്കാരെ പെരുവഴിയില്‍ കുരുക്കി. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് ഇടപെട്ടെങ്കിലും ഇരു വിഭാഗവും പരാതി ഉന്നയിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല. എന്നാല്‍, നിരന്തരമുണ്ടാകുന്ന ഇത്തരം തര്‍ക്കങ്ങള്‍ യാത്രമുടക്കുകയാണെന്നാണ് പൊതുയാത്ര സംവിധാനങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നവരുടെ പരാതി. ബസുകളുടെ മത്സരയോട്ടം മേഖലയില്‍ നിരന്തര അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മിനിറ്റുകളുടെ വ്യത്യാസത്തിലോടുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം കോഴിക്കോട് മുതല്‍ വള്ളുവമ്പ്രം വരം ദേശീയപാതയില്‍ പതിവാണ്. മോങ്ങം, കൊണ്ടോട്ടി, പുളിക്കല്‍, രാമനാട്ടുകര തുടങ്ങി തിരക്കേറിയ നഗരങ്ങളില്‍ പോലും വേഗം കുറക്കാത്ത സ്വകാര്യ ബസുകളോട് കെ.എസ്.ആര്.ടി.സിയും മത്സരിക്കുന്നത് യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ജീവന് അപകടത്തിലാക്കുകയാണ്. പാലക്കാട്, മഞ്ചേരി ഭാഗങ്ങളില്‍ നിന്നുവരുന്ന സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ വള്ളുവമ്പ്രം മുതല്‍ കോഴിക്കോട് വരെയും തിരിച്ചും ചീറിപ്പായുമ്പോള്‍ മറ്റു വാഹനങ്ങള്‍ വഴിമാറിയില്ലെങ്കില്‍ അപകടങ്ങള്‍ ഉറപ്പാകുന്ന അവസ്ഥയാണ് കാലങ്ങളായുള്ളത്. ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളുമാണ് ഈ ഭീകരതക്ക് പലപ്പോഴും ഇരകളാകുന്നത്.
ചെറിയ സമയത്തിന്റെ ഇടവേളകളാണ് സ്വകാര്യ ബസുകളെ മത്സരയോട്ടത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ സമയനിഷ്ഠ തീരെ പാലിക്കാതെയെത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളും ഇതേ രീതിയില്‍ വേഗനിയന്ത്രണമില്ലാതെ ഓടുന്നത് ജനത്തെ പ്രയാസത്തിലാക്കുന്നു. ഗതാഗത നിയമങ്ങള്‍ സ്വകാര്യ ബസുകളെയെന്ന പോലെ കെ.എസ്.ആര്.ടി.സി ബസുകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടും ഇക്കാര്യത്തില്‍ പരിശോധനയോ വേഗ നിയന്ത്രണത്തിനുള്ള ഇടപെടലോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. റോഡില്‍ വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘങ്ങള്‍ ബസുകളെ പരിഗണിക്കാറേയില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും ദേശീയപാതയില്‍ നാമമാത്രമാണ്. ഇതും മത്സരയോട്ടത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.