മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റം
മലപ്പുറം: ഒരു നമ്പറിലുള്ള അംഗൻവാടിക്ക് രണ്ടിടങ്ങളിൽ പദ്ധതി വെച്ചത് സംബന്ധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. നഗരസഭ നാലാം വാർഡ് കള്ളാടിമുക്ക് ആലിങ്ങൽ 101-ാം നമ്പർ അംഗൻവാടി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അജണ്ടയിലാണ് വാക്ക് തർക്കവും ബഹളവും അരങ്ങേറിയത്. അംഗൻവാടിക്ക് നാല്, അഞ്ച് വാർഡുകളിലാണ് കെട്ടിടം നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചിരുന്നത്. നിലവിൽ ശോച്യാവസ്ഥയിൽ പ്രവർത്തിക്കുന്ന ആലിങ്ങൽ കെട്ടിടത്തിന് അംഗൻവാടിക്ക് 50 മീറ്റർ പരിധിയിൽ അഞ്ചാം വാർഡ് മച്ചിങ്ങലിൽ ഉൾപ്പെട്ട സ്ഥലത്ത് കെട്ടിടം നിർമിക്കാൻ അനുമതി നൽകുകയും കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഈ നമ്പറിലെ അംഗൻവാടിക്ക് തന്നെ നാലാം വാർഡിലും ദാനമായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കുകയും സാങ്കേതികാനുമതിയും പൂർത്തിയാക്കി. നാലാം വാർഡിലെ പദ്ധതി ടെൻഡറിലേക്ക് കടന്നതോടെ ഒരേ നമ്പറിൽ രണ്ട് അംഗൻവാടി കെട്ടിടം വന്നതോടെ അധികൃതർ ആശയക്കുഴപ്പത്തിലായി. ഇതോടെ വിഷയത്തിൽ തീരുമാനമെടുക്കാൻ കൗൺസിൽ യോഗത്തിലേക്ക് വെക്കുകയായിരുന്നു. അഞ്ചാം വാർഡിൽ നിർമാണം നടന്നിരുന്ന അംഗൻവാടി കെട്ടിടത്തിന് നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചിരുന്നു.
ഇതിൽ ഹൈകോടതിയിൽ കേസുണ്ട്. വിഷയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. നാലാം വാർഡ് പ്രതിപക്ഷവും അഞ്ചാം വാർഡ് ഭരണപക്ഷവുമാണ് പ്രതിനിധീകരിക്കുന്നത്. ഇരുകൂട്ടരും തങ്ങളുടെ വാർഡിൽ പദ്ധതി യാഥാർഥ്യമാക്കാൻ വേണ്ടി വാദിച്ചു. ഒടുവിൽ വിഷയത്തിൽ ഇരുവിഭാഗവും രമ്യതയിലെത്തി. അഞ്ചാം വാർഡിൽ പദ്ധതി നടപ്പിലാക്കാനും നാലാം വാർഡിൽ അംഗൻവാടിക്കായി വിട്ടുനൽകിയ സ്ഥലം സർക്കാർ മാനദണ്ഡം പാലിച്ച് ഉടമക്ക് തിരിച്ച് നൽകാനും യോഗം നിശ്ചയിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
മലപ്പുറം: 2023-‘24 വർഷത്തെ നഗരസഭ ഓഡിറ്റ് റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. ബുധനാഴ്ച ചേർന്ന യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച് വെച്ചെങ്കിലും പ്രതിപക്ഷം വിശദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ചേരുന്ന യോഗത്തിൽ വിഷയം ചർച്ച എടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.