നിലമ്പൂർ: ബ്രീട്ടീഷുകാരുടെ കാലത്ത് സർവേ പൂർത്തീകരിച്ച മലബാറിന്റെ വികസന സ്വപ്നമായ നിലമ്പൂർ-നഞ്ചൻകോട് പാത ചിറക് മുളക്കാതെ വീണ്ടും പാളത്തിൽ തന്നെ. ഇടക്കാലത്ത് ഏറെ ചർച്ചയാകുകയും ഡി.പി.ആറും, സ്ഥല നിർണയ സർവേയും റെയിൽവേ മന്ത്രാലയം നേരിട്ട് നടത്താനുള്ള തീരുമാനവും പാതക്ക് പ്രതീക്ഷയേറ്റിയിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ ഞായറാഴ്ച അവതരിപ്പിച്ച മൂന്നാം ബജറ്റിൽ പാതയെ കുറിച്ച് പരമാർശിച്ചതേയില്ല. പ്രിയങ്ക ഗാന്ധി എം.പിയുടെ മണ്ഡലമായതിനാൽ ഇത്തവണ പാതക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലബാർ.
സർവേകളും ചർച്ചകളും മാത്രമാണ് പാതയുടെ മുതൽകൂട്ട്. കൊങ്കൺ മാതൃകയിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാവുന്നതാണ് നഞ്ചൻകോട് പാത. യോജിച്ചുള്ള ഒരു വികസന കോർപറേഷൻ നഞ്ചൻകോട് പാതക്ക് ലഭിക്കുന്നില്ലെന്ന് തന്നെയാണ് പാതക്ക് മേലുള്ള വലിയ തിരിച്ചടി. മലപ്പുറം, വയനാട്, നീലഗിരി, മൈസൂർ ജില്ലകളിലൂടെയാണ് പാത കടന്നുപോവുക. 41 വലിയ പാലങ്ങൾ, 393 ചെറിയ പാലങ്ങൾ, 33630 മീറ്റർ നീളത്തിൽ 63 ടണൽ, 42 ലെവൽ ക്രോസിങ്, 21 റോഡിന് മുകളിലൂടെയുള്ള ബ്രിഡ്ജ്, 11 അണ്ടർ ബ്രിഡ്ജ്, 20 റെയിൽവേ സ്റ്റേഷനുകൾ, പാതയിലൂടെ സാധ്യമാകുന്ന കൂടിയ വേഗത നൂറ് എന്നിങ്ങനെയാണ് 236 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാതയിലെ സർവേയിൽ പറയുന്നത്. മലപ്പുറം, വയനാട് ജില്ലകളിൽ 126.20 കിലോമീറ്റർ, തമിഴ്നാട് നീലഗിരി ജില്ലയിൽ 37.80, കർണാടകയുടെ മൈസൂർ ജില്ലയിൽ 72 കിലോ മീറ്ററിലൂടെയും പാത കടന്നുപോവും.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്ത സംരംഭമായി കരാർ ഒപ്പിട്ട് മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി.യെ നിയമിച്ച് ഡി.പി.ആർ ചെയ്യാൻ ചുമതലപ്പെടുത്തിയ പാതയാണിത്. റെയിൽവേ നേരിട്ടും ഡി.എം.ആർ.സി വഴിയും നടത്തിയ സർവേകളിൽ പാത ലാഭകരമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ 2016ൽ പാതക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു.
എന്നാൽ തുടർ നടപടികൾ നിലച്ചു. കേരളത്തിൽനിന്ന് മൈസൂരുവിലേക്കുള്ള യാത്ര സമയത്തിന് വലിയ കുറവുവരുന്ന പാതയാണിത്. കൊച്ചിയിൽനിന്നും മൈസൂരുവിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. കർണാടകക്ക് കൊച്ചിയുമായും വിഴിഞ്ഞം തുറമുഖവുമായും പുതിയ ഒരു റെയിൽപാത കൂടി തുറന്നുകിട്ടും. ഡൽഹിയെ ഹൈദരബാദ്, ബംഗളൂരു, മൈസൂരു വഴി കൊച്ചി തിരുവനന്തപുരം എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാവും. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കൊരു എളുപ്പ പാത, ബംഗളൂരു വഴി ഹൈദരബാദിലേക്ക് ഒരു ഐ.ടി കോറിഡോർ, നിരവധി ടൂറിസം സാധ്യതകൾ, റെയിൽവേ ഭൂപടത്തിൽ വയനാടിനൊരു പ്രമുഖ സ്ഥാനം ഇങ്ങനെ നഞ്ചൻകോട് പാതക്ക് പ്രതീക്ഷകൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.