പാണ്ടിക്കാട് ടൗൺ ട്രാഫിക് പരിഷ്കരണത്തിനായി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
പാണ്ടിക്കാട്: ടൗണിൽ രാത്രികാല അപകടങ്ങളും പകൽ സമയത്തെ ഗതാഗതക്കുരുക്കും വർധിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തിരുവനന്തപുരത്തുനിന്ന് റോഡ് സുരക്ഷ അതോറിറ്റി ഡയറക്ടർ കല, ആർ.ടി.ഒ, എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഡിവൈഡറുകൾ, സ്ട്രീറ്റ് ലൈറ്റ്, ഫുട്പാത്ത്, സൂചന ബോർഡുകൾ, സീബ്രലൈനുകൾ, റിഫ്ലക്ടർ, സൂചനകൾ അറിയിക്കുന്ന ബ്ലിങ്കിങ് ലൈറ്റ് തുടങ്ങിയവ അടിയന്തരമായി ജങ്ഷനിൽ സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാണ്ടിക്കാട് ഡിവിഷൻ ബ്ലോക്ക് മെംബർ ഇ. സഫീർ ജാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം സർവകക്ഷി യോഗം ചേർന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രോഹിൽ നാഥിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നിരുന്നത്. രാത്രികാല അപകടങ്ങൾ കുറക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തിരുന്നു. രണ്ട് സംസ്ഥാന പാതകളും അന്തർസംസ്ഥാന പാതയും കടന്നുപോകുന്ന നാൽക്കവലയാണ് പാണ്ടിക്കാട് ടൗൺ. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾക്ക് പുറമെ സർക്കാർ, സ്വകാര്യ ബസുകളും ചരക്കു വാഹനങ്ങളും ദിവസവും ഇതിലൂടെ കടന്നുപോകുന്നു.
മഞ്ചേരി, മേലാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമാണ് ഇവിടെ സംഗമിക്കുന്നത്. രാത്രി കാലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷവുമാണ്. പ്രധാന ജങ്ഷൻ സൂചിപ്പിക്കുന്ന അറിയിപ്പുകൾ ഇല്ലാത്തത് സ്ഥല പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സൂചന ബോർഡുകൾ, ബ്ലിങ്കിങ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കൽ, വേഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കൽ തുടങ്ങിയ നിർദേശങ്ങൾ അന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. കൂടാതെ ടൗൺ സൗന്ദര്യവത്കരണം, തിരക്ക് ഒഴിവാക്കാൻ ട്രാഫിക് പരിഷ്കരണം, ബൈപാസ് റോഡുകൾ ഗതാഗത യോഗ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.