സർവേയിൽ കണ്ടെത്തിയ മഞ്ഞ വാലുകുലുക്കി
കരുളായി: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴയുടെ ജൈവ വൈവിധ്യ സമ്പന്നത വിളിച്ചോതി 2026ലെ സർവേ റിപ്പോർട്ട് പുറത്തുവന്നു. ജനുവരി 22 മുതൽ 25 വരെ നടത്തിയ സർവേയിൽ മുൻവർഷങ്ങളേക്കാൾ കൂടുതൽ ജീവിവർഗങ്ങളെ കണ്ടെത്തി. 221.21 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതത്തിൽ സമുദ്രനിരപ്പിൽനിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മുക്കൂർത്തി മലനിരകൾ മുതൽ നെടുങ്കയം വരെയുള്ള ഭാഗങ്ങളാണ് പഠനവിധേയമാക്കിയത്.
ഉപ്പൂപ്പൻ
സർവേയിൽ 171 ഇനം പക്ഷികൾ, 177 ഇനം പൂമ്പാറ്റകൾ, 42 ഇനം തുമ്പികൾ, 70 ഇനം ചിലന്തികൾ, വിവിധ ഇനങ്ങളിലായി ഉറുമ്പുകൾ, മത്സ്യങ്ങൾ, ഉരഗ ജീവികൾ തുടങ്ങിയവയെ കണ്ടെത്തി. ഇതിൽ പലതും വന്യജീവി സങ്കേതത്തിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നത്. 2025ൽ നടത്തിയ സർവേയിൽ കണ്ടെത്താത്ത എട്ടിനം പക്ഷികളെക്കൂടി പുതിയതായി രേഖപ്പെടുത്തി. ഇതോടെ ആകെ പക്ഷികളുടെ എണ്ണം 247 ആയി ഉയർന്നു. 177 ഇനം പൂമ്പാറ്റകളിൽ 30 ഇനം പുതിയതായി രേഖപ്പെടുത്തിയതാണ്. ആകെ പൂമ്പാറ്റകളുടെ എണ്ണം 233 ആയി ഉയർന്നു. സർവേയിൽ 42 ഇനം തുമ്പികളെയാണ് രേഖപ്പെടുത്തിയത്. ആകെ തുമ്പികളുടെ എണ്ണം 63 ആയി. 70 ഇനം എട്ടുകാലികളെയും രേഖപ്പെടുത്തി.
ചെറുപുലിത്തെയ്യൻ
നിലമ്പൂർ ആസ്ഥാനമായ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ ഇക്കോളജി ആൻഡ് റിസർച്ചും, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയും, കേരള വനം വന്യജീവി വകുപ്പും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. കരിമ്പുഴ വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. ധനിക് ലാൽ, ഡോ. കലേഷ് സദാശിവൻ, സുഭാഷ് പുളിക്കൽ, ശബരി ജാനകി എന്നിവർ സർവേ ഫലങ്ങളെക്കുറിച്ച് സംസാരിച്ചു. സർവേ റിപ്പോർട്ട് ഉടൻ വനംവകുപ്പിന് കൈമാറും. കരുളായി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ.എസ്. ബിജു, വിനയൻ പി. നായർ, കെ. ജയകുമാർ തുടങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും സർവേക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.