ഹരികൃഷ്ണന് ആശുപത്രിയിൽ ചികിത്സ നൽകുന്നു
നിലമ്പൂർ: കൃഷിയിടത്തിൽനിന്ന് ആനകളെ തുരത്തുന്നതിനിടെ കൈയിലെ പടക്കം പൊട്ടി വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് വള്ളുവശ്ശേരി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഹരികൃഷ്ണനാണ് പരിക്കേറ്റത്. ചുങ്കത്തറ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സക്കായി പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വലത് കൈപത്തിക്ക് ആഴത്തിലുള്ള മുറിവുണ്ട്.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പൂച്ചക്കുത്തിൽ നിബിന്റെ കൃഷിഫാമിന് സമീപമാണ് രണ്ട് കാട്ടാനകളിറങ്ങിയത്. ഇവിടെ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുമുണ്ട്. തൊഴിലാളികൾ അറിയിച്ചതോടെയാണ് വനപാലകർ സ്ഥലത്തെത്തിയത്. പടക്കമെറിഞ്ഞ് ആനകളെ കാട്ടിലേക്ക് തുരത്തിയോടിക്കുന്നതിനിടെ ഹരികൃഷ്ണന്‍റെ കൈയിലെ പടക്കം പൊട്ടുകയായിരുന്നു. ആനകളെ തുരത്തുന്നതിന് ആവശ‍്യമായ റബർ ബുള്ളറ്റ് തോക്കുകളൊന്നും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. റാപിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) മാത്രമാണ് റബർ ബുളളറ്റ് തോക്കുകൾ അനുവദിച്ചിട്ടുള്ളത്.
ജനവാസകേന്ദ്രത്തിലിറങ്ങുന്ന കാട്ടാന ഉൾപ്പെടെയുള്ള വന‍്യജീവികളെ തുരത്തുന്നതിന് റബർ ബുള്ളറ്റ് തോക്കുകൾ അനുവദിക്കണമെന്ന വനം ജീവനക്കാരുടെ ആവശ‍്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പടക്കമെറിഞ്ഞാണ് വനപാലകർ വന‍്യജീവികളെ തുരത്തുന്നത്. കൈയിൽനിന്ന് പടക്കം പൊട്ടിയുള്ള സമാന അപകടങ്ങൾ തുടരുകയാണ്. സമാന രീതിയിൽ പടക്കംപൊട്ടി അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകൻ മുഹമ്മദ് അസ്‍ലമിനും അടുത്തിടെ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.