മഞ്ചേരി: നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് അഗ്നിരക്ഷാസേന. വേട്ടേക്കോട് സ്വദേശിയും കിണർ തൊഴിലാളിയുമായ രതീഷ് (42), രക്ഷപ്പെടുത്താനിറങ്ങിയ ശിഹാബ് (39) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
വേട്ടേക്കോട് ചക്കാലക്കുത്ത് അബ്ദുൽ സലാമിന്റെ തെങ്ങിൻതോട്ടത്തിൽ കിണർ ആഴം കൂട്ടുന്ന ജോലിക്കിടെ 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ മണ്ണിടിഞ്ഞാണ് രതീഷ് കിണറ്റിൽ കുടുങ്ങിയത്.
ഒപ്പമുണ്ടായിരുന്ന ശിഹാബ് രതീഷിനെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങി. ഇതിനിടെ മുകളിൽനിന്ന് ശിഹാബിന്റെ തോളിലേക്ക് പിക്കാസ് വീണ് പരിക്കേൽക്കുകയും ചെയ്തതോടെ രണ്ടുപേർക്കും കിണറ്റിൽനിന്ന് കയറാനാകാതെ വന്നു. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.കെ. പ്രജിത്ത്, പി.ക. പ്രതീഷ് എന്നിവർ കിണറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി.
ഏകദേശം മൂന്ന് റിങ്ങോളം ഉയരത്തിൽനിന്ന് മണ്ണ് അടർന്നുവീണിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സലീം കണ്ണൂകാരൻ, സൈനുൽ ആബിദ്, ശ്രീലേഷ് കുമാർ, രമേഷ്, അനൂപ്, അബ്ദുൽ സത്താർ, ഗണേഷ് കുമാർ, കൃഷ്ണൻ, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.