ശ്രീകേരളവർമ കോളജ്​ വജ്ര ജൂബിലി ആഘോഷം 11ന് തുടങ്ങും

തൃശൂർ: ശ്രീകേരളവർമ കോളജിന്‍റെ 75ാം വാർഷികാഘോഷം ആഗസ്റ്റ് 11ന് തുടങ്ങും. രാവിലെ 10ന്​ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണവും റവന്യൂമന്ത്രി കെ. രാജൻ മുഖ്യാതിഥിയുമാകും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ അധ്യക്ഷത വഹിക്കും. കോളജ് നൽകുന്ന വജ്ര മുദ്ര പുരസ്കാരം ഒറ്റപ്പത്ത് രാമചന്ദ്രൻ, കല്യാണരാമൻ, ഡോ. സി.വി. രാധാകൃഷ്ണൻ, പി. ഭാസി എന്നിവർക്ക്​ ടി.എൻ. പ്രതാപൻ എം.പി സമ്മാനിക്കും. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്‍റ് പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്യും. ഉച്ചക്ക് ഒന്നിന്​ 'ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും വെല്ലുവിളികളും' വിഷയത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. തുടർന്ന് പൂർവ അധ്യാപക - അനധ്യാപക സംഗമവും വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. 12ന് രാവിലെ 10ന്​ 'മാറുന്ന ഇന്ത്യയും മാനവികതയും' വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. ഡോ. എസ്. മായ അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥികളുടെ സമ്മേളനം ആദ്യബാച്ചിലെ വിദ്യാർഥി വി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. 5.30ന് പാട്ടിന്‍റെ വഴികൾ ജില്ല കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ പത്തിന് 'കേരള നവോത്ഥാന നാൾ വഴികൾ' വിഷയത്തിൽ ഡോ. രാജ ഹരിപ്രസാദ് പ്രഭാഷണം നടത്തും. ഡോ. പി.വി. കൃഷ്ണൻനായർ അധ്യക്ഷത വഹിക്കും. ഉച്ചക്ക്​ 12ന്​ നടക്കുന്ന കവിയരങ്ങും സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന്​ നേതൃസംഗമവും 11ന് ഭിന്നശേഷി വിദ്യാർഥികളുടെ ഒത്തുചേരലും നടക്കും. വാർത്തസമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ, പ്രിൻസിപ്പൽ ഇൻ-ചാർജ്​ വി.എ. നാരായണ മേനോൻ, ഓർഗനൈസിങ്​ കൺവീനർ ഡോ. കെ. സുധീന്ദ്രൻ, കൺവീനർ ഡോ. ജയനിഷ, മീഡിയ കമ്മിറ്റി കൺവീനർ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.