കൊണ്ടോട്ടി നഗരത്തില്‍ വന്‍ തീപിടിത്തം

മൂന്ന് നിലകളിലുള്ള ഹോട്ടലിന്‍റെ രണ്ട് നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു കൊണ്ടോട്ടി: നഗരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടോട്ടിയില്‍ വന്‍ അഗ്നിബാധ. ദേശീയപാത ബൈപാസില്‍ 17 നടുത്ത് പ്രവര്‍ത്തിക്കുന്ന എ വണ്‍ ഫാമിലി റസ്റ്റോറന്റിനാണ് തീപിടിച്ചത്​. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മുകളിലെ രണ്ട് നിലകള്‍ പൂര്‍ണമായും താഴത്തെ നില ഭാഗികമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് തീയണച്ചത്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പടരാഞ്ഞതിനാല്‍ വന്‍ ദുരന്തം വഴിമാറി. തിങ്കളാഴ്ച വൈകീട്ട്​ 4.30ഓടെയായിരുന്നു സംഭവം. ഹോട്ടലിന്റെ മുന്നിലെ തന്തൂരി അടുപ്പില്‍നിന്ന്​ ഒന്നാം നിലയിലേക്ക് തീപടരുകയായിരുന്നു. പുക ഉയരുന്നത്​ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനിടെ മലപ്പുറത്ത്​ നിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റെത്തി ഹോട്ടലിനോട്​ ചേര്‍ന്ന മറ്റ്​ സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. ഇതിനിടെ മലപ്പുറത്ത്​ നിന്നും മീഞ്ചന്തയില്‍ നിന്നും രണ്ട് യൂനിറ്റുകൾ വീതവും കോഴിക്കോട് ബീച്ച്, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ നിന്ന്​ ഓരോ ഫയര്‍ യൂനിറ്റുകളും എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. കരിപ്പൂരില്‍ നിന്നെത്തിച്ച വിമാനത്താവള അതോറിറ്റിയുടെ ആധുനിക ഫയര്‍ യൂനിറ്റ് മുന്‍വശത്ത്​ പടര്‍ന്ന തീയണച്ചു. തുടർന്ന്​ അഗ്നിരക്ഷ ജീവനക്കാര്‍ കെട്ടിടത്തിനകത്ത്​ കടന്നാണ് പൂര്‍ണമായും അണച്ചത്. വൈകുന്നേരം ആറോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ആദ്യ രണ്ട് നിലകളിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. കരിപ്പൂര്‍ കരുവാങ്കല്ല് കണ്ണഞ്ചിറ കെ.സി. ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ആ​കെ നാശനഷ്ടം വിലയിരുത്തുന്നതേയുള്ളൂ. ജില്ല ഫയര്‍ ഓഫിസര്‍ എസ്.എല്‍. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ടി.ഡി.ആര്‍.എഫ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരും നാട്ടുകാരും പങ്കെടുത്തു. ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കോഴിക്കോട് നിന്ന്​ വരുന്ന വാഹനങ്ങള്‍ പഴയങ്ങാടി റോഡ് വഴി തിരിച്ചുവിട്ടതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല. mpg kdy 1 fire: കൊണ്ടോട്ടിയിലെ എ വണ്‍ റസ്‌റ്റോറന്റിന് തീപിടിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.