അരിമ്പ്രയില്‍ കാരുണ്യത്തിന്റെ കാൽപന്താരവം

വൃക്കരോഗിയെ സഹായിക്കാന്‍ ഫുട്‌ബാള്‍ പരിശീലന കേന്ദ്രം സമാഹരിച്ചത് അരലക്ഷം രൂപ മൊറയൂര്‍: അരിമ്പ്രയിലെ വൃക്കരോഗിയായ നിര്‍ധന യുവതിയെ സഹായിക്കാന്‍ ഫുട്‌ബാള്‍ താരങ്ങളും പരിശീലകരും നാട്ടുകാരും ചേർന്ന്​ സമാഹരിച്ചത്​ അരലക്ഷം രൂപ. വൃക്ക മാറ്റിവെക്കല്‍ അനിവാര്യമായ അരിമ്പ്ര നമ്പന്‍കുന്നത്ത് റസിയയുടെ ശസ്ത്രക്രിയക്കായാണ്​ ധനസമാഹരണം നടത്തിയത്​. മേഖലയിലെ സാധാരണക്കാരായ ഫുട്‌ബാള്‍ പ്രതിഭകള്‍ക്ക് സൗജന്യമായി ശാസ്ത്രീയ പരിശീലനം നല്‍കുന്ന മിഷന്‍ സോക്കര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ള ഫുട്‌ബാള്‍ താരങ്ങള്‍ കാരുണ്യ വഴിയിൽ പന്ത് തട്ടിയത്. ഫുട്‌ബാളിന്റെ നാട്ടുനന്മ എല്ലാവരും ​നെഞ്ചേറ്റിയപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തുകയാണ് സമാഹരിക്കാനായത്. അക്കാദമിയിലെ കുട്ടികള്‍ ഫുട്‌ബാള്‍ പരിശീലനം നടത്തുന്ന അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ അക്കാദമിയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കെ.ടി. അബ്ദുല്‍ വാഹിദില്‍നിന്ന് റസിയ ചികിത്സ സഹായ സമിതിക്കുവേണ്ടി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊറ്റമ്മല്‍ സുനീറ തുക ഏറ്റുവാങ്ങി. ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍ കുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഡോ. സി.ടി. അജ്മല്‍, പ്രന്‍സിപ്പല്‍ എന്‍. അലി, മിഷന്‍ സോക്കര്‍ അക്കാദമി പ്രസിഡന്റ് എം. അസ്‌ലം ഖാന്‍, പി. ബഷീര്‍, എന്‍.കെ. ഇബ്രാഹീം, വി.ടി. ശിഹാബ് തുടങ്ങിയവരും ഫുട്‌ബാൾ താരങ്ങളും പരിശീലകരും സംബന്ധിച്ചു. പടം me kdy 4 sahayam: നിര്‍ധന യുവതിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അരിമ്പ്രയിലെ ഫുട്‌ബാള്‍ താരങ്ങളും പരിശീലകരും സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊറ്റമ്മല്‍ സുനീറ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.