മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പൊളിക്കാൻ എസ്റ്റിമേറ്റായി

ഒമ്പത്​ കോടി ചെലവിൽ പുതിയ ബസ്​ ബേ നിർമിക്കാനാണ്​ പദ്ധതി മഞ്ചേരി: നഗരത്തിന്‍റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന പഴയ ബസ് സ്റ്റാൻഡ് പൊളിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി. അടുത്തദിവസം ടെൻഡർ വിളിക്കാനും ധാരണയായി. കാലപ്പഴക്കം ചെന്ന ബസ് സ്റ്റാൻഡ് രണ്ട് ഘട്ടങ്ങളായാണ് പൊളിക്കുന്നത്. 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുക. ബസുകൾ നിർത്തിയിടുന്ന ഭാഗം ആദ്യം പൊളിക്കും. കാലപ്പഴക്കം ചെന്ന ബസ് സ്റ്റാൻഡ് പൊളിക്കാൻ ഹൈകോടതിയും നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാപാരികളുമായി ചർച്ച നടത്തി. പുനരധിവാസം ഉറപ്പാക്കാതെ പൊളിക്കരുതെന്നാണ് വ്യാപാരികളുടെ നിലപാട്. 58 സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്ന രീതിയിൽ പരിഷ്കാരം നടപ്പാക്കിയതോടെ തെരുവുകച്ചവടക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ട്രാക്കുകൾ മുഴുവൻ ഇവർ കൈയടക്കിയിരിക്കുകയാണ്. ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ ബസ്​ബേ കം ഷോപ്പിങ് കോംപ്ലക്സ്​ നിർമിക്കാനാണ്​ പദ്ധതി. ഒമ്പതുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ബസ് സ്റ്റാൻഡ് നവീകരണം. എന്നാൽ, വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.