പെരിന്തൽമണ്ണ മാതൃശിശു വിഭാഗവും കോവിഡ് കേന്ദ്രമാക്കാൻ ആലോചന

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന മാതൃ-ശിശു ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രമാക്കാൻ ആലോചന. 150 രോഗികളെ കിടത്താനുള്ള സൗകര്യമുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് സ്പെഷൽ ചികിത്സ കേന്ദ്രമാക്കിയതോടെ ഇവിടെ എത്തിയിരുന്ന പ്രസവ കേസുകൾ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ല ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. മാതൃ- ശിശു ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നതോടെ പ്രസവ ചികിത്സക്ക് വലിയ പ്രതിസന്ധിയാവും. അതേസമയം, മാതൃശിശു ആശുപത്രി തുടങ്ങും മുമ്പുള്ള പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പഴയ പ്രസവ വാർഡ് തുറന്ന് അതിലേക്ക് ഗർഭിണികളെ മാറ്റാനാണ് ആലോചന. സർക്കാർതലത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട്​ ഗൈനക്കോളജി ഡോക്ടർമാരാണ് പെരിന്തൽമണ്ണയിൽ. കെട്ടിടം നിർമിച്ചതല്ലാതെ സർക്കാർ ഇതിനെ മാതൃ-ശിശു ആശുപത്രിയായി അംഗീകരിക്കുകയോ പുതിയ തസ്തികകൾ സൃഷ്​ടിക്കുകയോ ചെയ്തിട്ടില്ല. ജില്ല ആശുപത്രിയുടെ പ്രസവ വാർഡായി മുന്നോട്ടുപോവുകയായിരുന്നു. കുറഞ്ഞത് 12 ഡോക്ടർമാരും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരും അഡ്മിനിസ്ട്രേഷൻ വിഭാഗവും വേണം. കോവിഡ് കാലത്ത് മഞ്ചേരിയിൽനിന്ന് രണ്ട്​ ഡോക്ടർമാരെ ഇവിടേക്ക് തൽക്കാലം അയച്ചതടക്കം നാലുപേരാണിപ്പോൾ. പ്രസവ വാർഡും ജീവനക്കാരെയും പഴയ വാർഡിലേക്ക് മാറ്റുമ്പോൾ കോവിഡ് ചികിത്സക്ക് പകരം ഡോക്ടർമാരെ വെക്കേണ്ടി വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.