നിലവിളികൾ, കൂട്ടക്കരച്ചിൽ; വാക്കുകൾ മുറിഞ്ഞ്​ ജുനൈദ്​

കൊണ്ടോട്ടി: 'രക്ഷിക്കണേ എന്ന നിലവിളി, കൂട്ടക്കരച്ചിൽ, വേദനയിൽ പിടയുന്ന ജീവനുകൾ; ചേതനയറ്റ ശരീരങ്ങൾ കണ്ടപ്പോൾ ആദ്യമൊന്ന് പതറി. പന്നീട് അവരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു...' കരിപ്പൂരിലെ അപകടമുഖത്ത്​ ആദ്യമെത്തിയവരിൽ ഒരാളായ മുക്കൂട് സ്വദേശി ജുനൈദി​ൻെറ വാക്കുകളാണിത്​. റൺവേയുടെ പരിസരത്ത്​ താമസിക്കുന്ന ഇദ്ദേഹത്തിൻെറ നടുക്കം ഇനിയും മാറിയിട്ടില്ല. വിമാനം മൂക്കു കുത്തിയ ഭാഗത്ത്​ നിന്ന്​ 25 മീറ്റർ മാത്രം മാറിയാണ് ജുനൈദി‍ൻെറ വീട്. കോവിഡ് പശ്ചാതലത്തിൽ കൊണ്ടോട്ടി നഗരസഭ കണ്ടെയ്ൻമൻെറ്​ സോണിൽ ഉൾപ്പെടുത്തിയത് കാരണം വീട്ടിൽ തന്നെയായിരുന്നു. രാത്രി 7.40ന്​ രണ്ട് മിനിറ്റ് വ്യത്യാസത്തിൽ വലിയ ശബ്​ദത്തോടെ​ രണ്ട് സ്ഫോടനമാണ് കേട്ടത്. ശക്തമായ മഴയായിരുന്നു. ഇടിയുടെ ശബ്​ദമാണെന്നാണ് ആദ്യം കരുതിയത്. പുറത്തേക്കിറങ്ങിയപ്പോൾ റൺവേയുടെ താഴ്ഭാഗത്തേക്ക് വീണ് കിടക്കുന്ന വിമാനത്തി​ൻെറ മുകൾ ഭാഗമാണ് കണ്ടത്. ഉടനെ സംഭവ സ്ഥലത്തേക്ക് ഓടി. ഈ സമയം മറ്റ് അ‍യൽവാസികളും സ്ഥലത്തെത്തിയിരുന്നു. കോക്ക് പിറ്റി‍ൻെറ ഭാഗം മതിലിൽ ഇടിച്ച് നിൽക്കുന്നതാണ് കണ്ടത്​. ഗേറ്റ് തുറക്കാൻ സെക്യൂരിറ്റിയോട് ആവശ്യപ്പെ​െട്ടങ്കിലും സമ്മതിച്ചില്ല. എമർജൻസി ഡോറിനടുത്ത് ഇരുന്നിരുന്ന യാത്രക്കാരൻ എമർജൻസി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി രക്ഷിക്കണേ എന്ന്​ നിലവളിച്ച് ഗേ​റ്റിനടുത്തേക്ക്​ ഓടിയെത്തി. ഉടനെ സെക്യൂരിറ്റി ഗേറ്റ് തുറന്നു. ആ സമയം വിമാന എൻജിൻ പ്രവർത്തിക്കുന്നില്ലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട നിലവിളി. സംഭവ സ്​ഥലത്തേക്ക്​ കുതിച്ചെത്തിയ ഫയർഫോഴ്​സി​ൻെറയും വിമാനത്താവള ജീവനക്കാരുടെയും നിർദേശാനുസരണം രക്ഷാപ്രവർത്തനത്തിന് എല്ലാം മറന്നിറങ്ങി. വിമാനം പിളർന്ന് യാത്രക്കാർ തെറിച്ച് വീണ് കിടക്കുന്നു. പിഞ്ചുകുട്ടികളടക്കമുള്ളവരുടെ മേൽ വിമാനാവശിഷ്​ടങ്ങൾ തറച്ചിരുന്നു. ആദ്യം ആറുപേരെയാണ് പുറത്തെടുത്തത്. ഇതിൽ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. കാലിന് സാരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ തോളിൽ കിടത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സാഹസപ്പെട്ടാണ് പൈലറ്റുമാരെ പുറത്തെടുത്തത്. ഇവർ സംഭവസ്ഥലത്ത്​ തന്നെ മരിച്ചിരുന്നു. രണ്ട് സ്ത്രീകളെയും മരിച്ചനിലയിൽ കണ്ടു. ഓട്ടോറിക്ഷ അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ എത്തിച്ചാണ് ഓരോരുത്തരെയും ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെയും എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെയും കഠിനാധ്വാനം കൊണ്ട്​ മണിക്കൂറുകൾക്കകം എല്ലാ യാത്രക്കാരെയും പുറത്തെടുക്കാനായി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറൻറീനിൽ പോകണമെന്ന ആരോഗ്യവകുപ്പി‍ൻെറ നിർദേശം വന്നതോടെ സുഹൃത്തി‍ൻെറ വീട്ടിലാണ്​ ജുനൈദിപ്പോൾ. mpg karippur witness junaid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.