വിവിധ പ്രദേശങ്ങളിലായി ആറോളം പേര്‍ക്ക് ഒരാഴ്​ചക്കിടെ കോവിഡ്

കോഡൂര്‍: പഞ്ചായത്തില്‍ കോവിഡ് വ്യാപനവും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കുന്നതിന് അതിജാഗ്രത നിര്‍ദേശം നല്‍കി. ഒരാഴ്​ചക്കകം പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിലായി ആറോളം പേര്‍ക്ക് പരിശോധനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്​ത സാഹചര്യത്തിലാണിത്. വില്ലേജ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെയും ആര്‍.ആര്‍.ടിമാരുടെയും സംയുക്ത യോഗമാണ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കം കാരണം കോഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു. കോഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന്​ എല്ലാ ബുധനാഴ്​ചയും നല്‍കാറുള്ള കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കഴിഞ്ഞ ദിവസം ഈസ്​റ്റ്​കോഡൂരിലെ ആരോഗ്യ ഉപകേന്ദ്രത്തില്‍ നിന്നാണ് ലഭ്യമാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കിയ ശേഷം തുറക്കും. രോഗീസമ്പര്‍ക്കമുണ്ടായ താണിക്കല്‍ അങ്ങാടിയിലെ വ്യാപാര സ്ഥാപനവും അടച്ചിട്ടുണ്ട്. കോവിഡ് പോസിറ്റിവായവരുടെ സമ്പര്‍ക്കമുണ്ടായതുള്‍പ്പെടെയുള്ള പരുവമണ്ണ, കരീപറമ്പ്, കാലംപറമ്പ്, പാലയ്ക്കല്‍ പള്ളികളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്താൻ യോഗം തീരുമാനിച്ചു. പാറക്കലിലെ ശീതളപാനീയ നിര്‍മാണ സ്ഥാപനത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റിവ് ഫലം വന്നതിനാല്‍ സ്ഥാപനം താൽക്കാലികമായി അടച്ചിടും. ആരാധനാലയങ്ങള്‍, അങ്ങാടികള്‍, ക്ലബുകള്‍, തെരുവോരങ്ങളിലെ ഷെഡുകള്‍, ചായക്കടകള്‍, മറ്റുപൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കച്ചവട സ്ഥാപനങ്ങള്‍ വൈകുന്നേരം ആറിന് തന്നെ അടക്കണം. കടകളുടെ സമീപമുള്ള പൊതുഇരിപ്പിടങ്ങള്‍ നീക്കംചെയ്യണം. പഞ്ചായത്തിലെ എല്ലാ കുളങ്ങളുടെയും കളിസ്ഥലങ്ങളുടെയും ഉപയോഗം നിരോധിച്ചു. മൈക്ക് പ്രചാരണം, ലഘുലേഖ വിതരണമുള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും പൊലീസ് പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് കെ. രമാദേവി, അംഗങ്ങളായ കെ.എം. സുബൈര്‍, എം.ടി. ബഷീര്‍, സജ്‌നാമോള്‍ ആമിയന്‍, കെ. മുഹമ്മദലി, സെക്രട്ടറി സി. റോസി, മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അന്‍വര്‍, വില്ലേജ് ഓഫിസര്‍ എം.കെ. നാസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ എം.കെ. മുഹമ്മദ് കോയ, പി. മുഹമ്മദ് റഫീഖ്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് കെ.കെ. അഫീഫ് തുടങ്ങിയവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.