'ഒ.പികൾ പൂട്ടിയിട്ടില്ല; തെറ്റായ വാർത്ത നൽകി ആശങ്ക പടർത്തുന്നു'

പയ്യന്നൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചില ഒ.പികൾ പൂട്ടിയെന്ന നിലയിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. ഇതര ചികിത്സക്കായി ആശുപത്രിയിലെ ഫിസിയോതെറപ്പി വിഭാഗത്തിൽ എത്തിയ ഒരു രോഗിക്ക് യാദൃച്ഛികമായി കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഓർത്തോ ഒ.പി, ഫിസിയോ തെറപ്പി യൂനിറ്റ് ഉൾ​െപ്പടെയുള്ള രണ്ടാം നിലയിലെ സ്ഥലം അണുവിമുക്തമാക്കുന്നതിനായി താൽക്കാലികമായി അടക്കുകയും പകരം ഒ.പി സംവിധാനം മൂന്നാം നിലയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതാണ് കോവിഡ് പോസിറ്റിവ് കാരണം ഒ.പികൾ അടച്ചുവെന്ന നിലയിൽ വാർത്തയായി നൽകിയത്. എന്നാൽ, കോവിഡ് അതിവ്യാപന ഘട്ടമായതിനാൽ ഒ.പികൾ നിയന്ത്രിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചത് നിലവിൽ നിയന്ത്രണവിധേയമായിട്ടുണ്ട്. കോവിഡ്​ ബാധിച്ചവരിൽ 32 പേർ ഇതിനോടകം രോഗമുക്തി നേടി ആശുപത്രി വിട്ടു. ശേഷിക്കുന്ന ആരോഗ്യ പ്രവർത്തകരെല്ലാം രോഗലക്ഷണങ്ങളില്ലാത്തവരോ നിസ്സാര ലക്ഷണങ്ങൾ മാത്രമുള്ളവരോ മാത്രമാണ്. അടുത്തദിവസങ്ങളിൽ ഇവരും ആശുപത്രി വിടും. ഈ സാഹചര്യത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ സൃഷ്​ടിച്ച്, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങളെ ആശങ്കയിലാഴ്ത്തരുതെന്നും പൊതുജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സൂപ്രണ്ട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.